close

News WrapGet Handpicked Stories from our editors directly to your mailbox

ഷോക്കടിപ്പിച്ച്‌ വൈദ്യുതി ബില്ല്!!

ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമവാസിയ്ക്കാണ് കേട്ടാല്‍ ഷോക്കടിക്കും വിധമുള്ള ബില്ല് വൈദ്യുതി ബോര്‍ഡ്  നല്‍കിയിരിക്കുന്നത്. 

Updated: Jul 21, 2019, 05:56 PM IST
ഷോക്കടിപ്പിച്ച്‌ വൈദ്യുതി ബില്ല്!!

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമവാസിയ്ക്കാണ് കേട്ടാല്‍ ഷോക്കടിക്കും വിധമുള്ള ബില്ല് വൈദ്യുതി ബോര്‍ഡ്  നല്‍കിയിരിക്കുന്നത്. 

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കുടിശ്ശിക തുകയായ 128 കോടി രൂപ അടയ്ക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്‍റെ നിര്‍ദേശം. 

ഉത്തര്‍ പ്രദേശ് ഹാപൂറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് അതി ഭീമമായ തുകയുടെ ബില്‍ നല്‍കി വൈദ്യുതി ബോര്‍ഡ് അങ്കലാപ്പിലാക്കിയത്.

ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. 128,45,95,444 രൂപയുടെ ബില്ലാണ്‌ ഷമിമിന് ലഭിച്ചത്. ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ വൈദ്യുതി ബോര്‍ഡിന്‍റെ ഓഫീസില്‍ പലതവണ കയറിയിറങ്ങി കുഴങ്ങിയിരിക്കുകയാണ് ഷമിം. എന്നാല്‍ ബില്‍ തുക അടച്ചാല്‍ മാത്രമേ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവൂ എന്നാണ് അധികൃതരുടെ വാദം.

പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമിം വെളിപ്പെടുത്തുന്നു. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നല്‍കിയാലും ഇത്രയും ഭീമമായ തുക അടയ്ക്കാന്‍ കഴിയില്ലെന്ന് ഷമിം ആവര്‍ത്തിക്കുന്നു. ഒരിക്കലും ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും ഇത്രയും തുക അടയ്ക്കാന്‍ കഴിയില്ലെന്നും ഷമിം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇതൊരു സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ രാംചരണ്‍ അഭിപ്രായപ്പെടുന്നത്. വിശദപരിശോധനയ്ക്ക് ശേഷം ബില്‍ മാറ്റി നല്‍കുമെന്നും രാംചരണ്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. 

എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ ജനുവരി മാസത്തില്‍ കനൗജ് നിവാസിയ്ക്ക് 23 കോടി രൂപയുടെ വൈദ്യുതി ബില്‍ കിട്ടിയിരുന്നു!!