തീർഥാടന ടൂറിസവുമായി ശ്രീ രാമായണ എക്സ്പ്രസ്

അയോധ്യയിലാണ് ആദ്യ സ്റ്റോപ്പ്. അവിടെ സഞ്ചാരികൾക്ക് ഹനുമാൻഘട്ട്‌, രാംകോട്ട്, കണകഭഗവൻ ക്ഷേത്രം എന്നിവ സന്ദർശിക്കാം.  

Updated: Jul 19, 2018, 03:00 PM IST
തീർഥാടന ടൂറിസവുമായി ശ്രീ രാമായണ എക്സ്പ്രസ്

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ തീർഥാടനടൂറിസം ലക്ഷ്യമാക്കി രാമായണ എക്സ്പ്രസ് വരുന്നു. രാമായണത്തിൽ പരാമർശിച്ച പ്രധാന സ്ഥലങ്ങളിലൂടെ തീർഥാടകരെ കൊണ്ടുപോകുന്ന തരത്തിലാണ് യാത്ര. അയോധ്യ, രാമേശ്വരം, ശ്രീലങ്ക എന്നിവിടങ്ങളാണ് പ്രധാനം. 

ഡൽഹിയിലെ സഫ്ദർജംഗിൽനിന്ന് നവംബർ 14-ന് വൈകീട്ട് നാലരയ്ക്ക് യാത്രതുടങ്ങും. 16 ദിവസം നീളുന്ന തീവണ്ടിയാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്നു നേരത്തെ ഭക്ഷണവും താമസവും ഉള്‍പ്പടെ ഒരാള്‍ക്ക് 15120 രൂപയാണ് ഈടാക്കുന്നത്. എണ്ണൂറു പേര്‍ക്കാണ് രാമായണ എക്‌സ്പ്രസില്‍ യാത്രസൗകര്യം ഉണ്ടാവുക.

അയോധ്യയിലാണ് ആദ്യ സ്റ്റോപ്പ്. അവിടെ സഞ്ചാരികൾക്ക് ഹനുമാൻഘട്ട്‌, രാംകോട്ട്, കണകഭഗവൻ ക്ഷേത്രം എന്നിവ സന്ദർശിക്കാം. തുടർന്ന്, രാമന്‍റെ വനവാസകാലത്ത് ഭരതൻ താമസിച്ചിരുന്നെന്ന്‌ വിശ്വസിക്കുന്ന ഗ്രാമമായ ബംഗാളിലെ നന്ദിഗ്രാം, സീതയുടെ ജന്മസ്ഥലമായ മിഥില സ്ഥിതിചെയ്യുന്ന സീതാമർഹി, ജനക്പുർ, വാരാണസി, പ്രയാഗ്, ശൃംഗവേർപുർ, ചിത്രകൂട്, നാസിക്ക്, ഹംപി എന്നീ സ്റ്റേഷനുകളിൽ നിർത്തിയശേഷം തീവണ്ടി രാമേശ്വരത്തെത്തും.

അവിടെ സ്ഥലങ്ങള്‍ സന്ദർശിക്കാൻ ഐ.ആർ.സി.ടി.സി. ബസ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. രാമേശ്വരത്തുനിന്ന് ചെന്നൈക്ക് അതേ തീവണ്ടിയിൽ പോയശേഷം അയോധ്യയിലേക്ക് തീവണ്ടി മടങ്ങും. ശ്രീലങ്കയിലേക്ക് പോകാൻ പ്രത്യേക ടിക്കറ്റ് എടുത്തവരെ അവിടെനിന്ന് വിമാനമാർഗം കൊണ്ടുപോകും. രാംബോധ, നുവാറ എല്ലിയ, ചിൽവ എന്നിവിടങ്ങളാണ് ശ്രീലങ്കയിൽ സന്ദർശിക്കുക. 

മൂന്നുനേരത്തെ ഭക്ഷണവും താമസവും ഉൾപ്പെടെ ഒരാൾക്ക് 15,120 രൂപയാണ് 16 ദിവസത്തെ തീവണ്ടിയാത്രയുടെ നിരക്ക്. ശ്രീലങ്കൻ ടൂർ പാക്കേജിന് ഒരാൾക്ക് 47,600 രൂപയാണ് നിരക്ക്. എണ്ണൂറുപേർക്കാണ് രാമായണ എക്സ്പ്രസിൽ യാത്രാസൗകര്യം ഉണ്ടാകുക. ടിക്കറ്റുകൾ ഐ.ആർ.സി.ടി.സി.യുടെ വെബ് സൈറ്റിലൂടെ റിസർവ് ചെയ്യാം.

അതേസമയം രാമായണത്തെ ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള രാമായണ സർക്യൂട്ടിൽ തിരുവനന്തപുരത്തു നിന്ന്‌ ഒരു എ.സി ട്രെയിൻ ആരംഭിക്കുമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. ആഗസ്റ്റ്‌ 28 ന് ഈ സർവീസ് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന്‌ ആരംഭിക്കുന്ന ഈ യാത്ര സെപ്റ്റംബര്‍ ഒമ്പതുവരെ നീളും. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ടൂർ പാക്കേജിനു 39,800 രൂപയാണ് നിരക്ക്. പഞ്ചവടി, ചിത്രകൂട്, ശൃംഗ്വേർപുർ, തുളസി മാനസ് മന്ദിർ, ദർഭംഗ, സീതാമാരി, അയോധ്യ, രാമേശ്വരം എന്നിവിടങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്.