''ഹോംവര്‍ക്ക് കളഞ്ഞു പോകാറുണ്ടായിരുന്നു''; മോദിയെ ട്രോളി സിദ്ധാര്‍ത്ഥ്‌

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ മോഷണം പോയെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദത്തെ ട്രോളി തമിഴ് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്‌. 

Last Updated : Mar 8, 2019, 10:17 AM IST
''ഹോംവര്‍ക്ക് കളഞ്ഞു പോകാറുണ്ടായിരുന്നു''; മോദിയെ ട്രോളി സിദ്ധാര്‍ത്ഥ്‌

ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ മോഷണം പോയെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദത്തെ ട്രോളി തമിഴ് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്‌. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രതിരോധമന്ത്രാലയത്തിൽ നിന്ന് കരാര്‍ മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ സിദ്ധാര്‍ത്ഥ്‌ ട്രോളിയത്.

''ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്‍റെ ഹോംവര്‍ക്ക് ഇതുപോലെ കളവ് പോകാറുണ്ടായിരുന്നു. അപ്പോള്‍ എന്‍റെ ടീച്ചര്‍ എന്നെ മുട്ടില്‍ നിര്‍ത്തുകയും വിരലുകളില്‍ റൂളര്‍ വെച്ച് തല്ലുകയും ചെയ്യുമായിരുന്നു. അതൊക്കെ ഒരു കാലം''- സിദ്ധാര്‍ത്ഥ്‌ കുറിച്ചു.

റാഫേല്‍, ഫെയില്‍, ചോര്‍ ചോര്‍, ഡോഗ് ഏറ്റ് മൈ ഹോംവര്‍ക്ക് എന്നീ ഹാഷ് ടാഗുകളോട് കൂടിയാണ് സിദ്ധാര്‍ത്ഥ്‌ ട്വീറ്റ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് ആറിനാണ് റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചത്. 

റാഫേല്‍ ഇടപാട് ശരിവെച്ച ഡിസംബര്‍ 14 ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെയാണ് രേഖകള്‍ കാണാനില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ്, എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സംഭവത്തില്‍ പ്രതിപക്ഷവും നിരവധി പ്രമുഖകരും മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച്‌ രംഗത്തെത്തിയിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തെ നേട്ടമാക്കി പ്രസംഗിച്ച മോദിയെ വിമര്‍ശിച്ച്‌ നേരത്തേയും സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു. സ്വയം ഹീറോ ആയി പ്രഖ്യാപിക്കുന്ന മോദി ആ പണി നിര്‍ത്തണം എന്നായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ പരാമര്‍ശം.

Trending News