ജനങ്ങള്‍ രാഹുല്‍ഗാന്ധിയെ അമേത്തിയില്‍ നിന്ന് പുറത്താക്കി; പരിഹാസവുമായി സ്മൃതി ഇറാനി

  കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട്ടില്‍നിന്നും മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിഹാസവുമായി ബിജെപി നേതാവ് സ്മൃതി ഇറാനി. 

Last Updated : Mar 24, 2019, 03:00 PM IST
ജനങ്ങള്‍ രാഹുല്‍ഗാന്ധിയെ അമേത്തിയില്‍ നിന്ന് പുറത്താക്കി; പരിഹാസവുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട്ടില്‍നിന്നും മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിഹാസവുമായി ബിജെപി നേതാവ് സ്മൃതി ഇറാനി. 

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്ന് പേടിച്ചോടിയതാണെന്നും ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്ന വാദം വെറും നാടകമാണെന്നുമായിരുന്നു സ്മൃതിയുടെ പരിഹാസം. 
 
രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ നിന്ന് പുറത്താക്കിയതാണെന്നായിരുന്നു കേന്ദ്രമന്ത്രി സമൃതി ഇറാനിയുടെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു സ്‌മൃതി ഇറാനിയുടെ പരിഹാസം. 'അമേത്തി രാഹുല്‍ ഗാന്ധിയെ പുറത്താക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് രാഹുല്‍ ജനവിധി തേടണമെന്ന് ആവശ്യമുയര്‍ന്നു എന്ന് പറയുന്നതൊക്കെ നാടകമാണ്. ജനങ്ങള്‍ രാഹുലിനെ പിന്തള്ളിക്കഴിഞ്ഞു. ഓടൂ, രാഹുല്‍ ഓടൂ'- സമൃതി ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍, തൊട്ടുപിന്നാലെ സ്‌മൃതിക്ക് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തി. ചാന്ദനി ചൗക്കിലും,​ അമേത്തിയിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്‌മൃതി ഇറാനി രാജ്യസഭാ എം.പിയാണ് എന്നത് മറക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

2014ല്‍ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം നിരവധി തവണ മലക്കം മറിഞ്ഞ മണ്ഡലമായിരുന്നു അമേത്തി. ഏറ്റവും ഉദ്വേഗം നിറഞ്ഞതായിരുന്നു അമേത്തിയിലെ വോട്ടെണ്ണല്‍. 

എന്നാല്‍ 2019ല്‍ വീണ്ടും രാഹുലും സ്മൃതിയും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുന്നതിനിടെയാണ് രാഹുലിനെ ദക്ഷിണേന്ത്യയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. 

ഇത്തവണ അമേത്തിക്കു പുറമെ രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍,​ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

 

Trending News