അണികള്‍ക്കിടയില്‍ പോരാട്ടം? റാലിയില്‍നിന്നും പിന്‍വാങ്ങി സോണിയ!!

തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഹരിയാനയിലെ അവസാന ഘട്ട പ്രചാരണ റാലിയില്‍നിന്നും പിന്‍വാങ്ങി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.

Last Updated : Oct 18, 2019, 12:54 PM IST
അണികള്‍ക്കിടയില്‍ പോരാട്ടം? റാലിയില്‍നിന്നും പിന്‍വാങ്ങി സോണിയ!!

ഹരിയാന: തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഹരിയാനയിലെ അവസാന ഘട്ട പ്രചാരണ റാലിയില്‍നിന്നും പിന്‍വാങ്ങി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.

ഒഴിവാക്കാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ വന്നുചേര്‍ന്നതിനാല്‍, ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സോണിയ ഗാന്ധിയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ അറിയിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് റാലിയെ അഭിസംബോധന ചെയ്യുക.

അതേസമയം, അവസാന മണിക്കൂറില്‍ സോണിയ നടത്തിയ പിന്‍മാറ്റം അഭൂഹങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ശാരീരിക അസ്വാസ്ഥ്യമാവാമെന്നും, മറിച്ച് രാഹുല്‍-സോണിയ അനുയായികള്‍ തമ്മിലുള്ള പൊരുത്തക്കേടുകളെ തുടര്‍ന്നാണ് സോണിയ ഹരിയാനയിലെ പൊതുപരിപാടി ഉപേക്ഷിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്തായാലും, ഇടക്കാല അദ്ധ്യക്ഷയായി പദവിയില്‍ എത്തിയതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രചരണ റാലിയാണ് സോണിയ ഒഴിവാക്കിയിരിക്കുന്നത്. 

അതേസമയം, ഏകദേശം 6 മാസത്തിലേറെയായി സോണിയ പൊതുപരിപാടികളില്‍നിന്നും മാറി നില്‍ക്കുകയാണ്.
കഴിഞ്ഞ ജൂണ്‍ 12ന് റായ്ബറേലിയിലാണ് സോണിയ അവസാനമായി പൊതു വേദിയിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരോട് നന്ദി പറയാനായിരുന്നു അത്. കഴിഞ്ഞ നവംബറില്‍നടന്ന തെലങ്കാന തിരഞ്ഞെടുപ്പായിരുന്നു സോണിയ പങ്കെടുത്ത അവസാന നിയമസഭാ പ്രചരണം. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍നിന്നും സോണിയാ ഗാന്ധി വിട്ടുനിന്നിരുന്നു.

ഒക്ടബോര്‍ 21-നാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഒക്ടോബര്‍ 24ന് നടക്കും.

 

Trending News