കനത്ത മഴ: ലാൻഡിംഗിനിടെ തെന്നിമാറി സ്പൈസ് ജെറ്റ്

വന്‍ ദുരന്തത്തില്‍നിന്നും സ്പൈസ് ജെറ്റ് തലനാരിഴയ്ക്ക് രക്ഷപെട്ടു. 

Last Updated : Jul 2, 2019, 11:49 AM IST
കനത്ത മഴ: ലാൻഡിംഗിനിടെ തെന്നിമാറി സ്പൈസ് ജെറ്റ്

മുംബൈ: വന്‍ ദുരന്തത്തില്‍നിന്നും സ്പൈസ് ജെറ്റ് തലനാരിഴയ്ക്ക് രക്ഷപെട്ടു. 

കനത്ത മഴ തുടരുന്ന മുംബൈയില്‍ ലാൻഡിംഗിനിടെ വിമാനം റൺവെയിൽ നിന്ന് തെന്നിമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം. ജയ്പൂരിൽ നിന്ന് മുംബൈയിലേക്ക് വന്ന സ്പൈസ് ജെറ്റ് 6237 വിമാനമാണ് തെന്നിമാറിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

സംഭവത്തെ തുടർന്നാണ് പ്രധാന റൺവെ താത്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇപ്പോൾ രണ്ടാമത്തെ റൺവെയാണ് ഉപയോഗിക്കുന്നത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പല വിമാനങ്ങളും ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും വഴിതിരിച്ചുവിട്ടു. സിയോളിൽ നിന്ന് മുംബൈയിലേക്കുള്ള കൊറിയൻ വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ച് വിട്ടു. ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്തൻസ വിമാനവും ബാങ്കോക്കിൽ നിന്നുള്ള എയർഇന്ത്യ വിമാനവും മറ്റ് വിമാനത്താളങ്ങളിലേക്ക് വഴി തിരിച്ച് വിട്ടു. 54 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടിരിക്കുന്നത്. 

നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ വിസ്താര 10 സര്‍വീസുകള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്ന് മറ്റ് വിമാനക്കമ്പനികളും അറിയിച്ചു.

ജനജീവിതം ദുസ:ഹമാക്കി മുംബൈയിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ ഇതുവരെ 40 പേരാണ് മുംബൈയിൽ കൊല്ലപ്പെട്ടത്. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ മുംബൈയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

 

 

 

Trending News