ഇന്ധനവില കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ ഉടന്‍: അമിത് ഷാ

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും എണ്ണയുല്‍പ്പാദന രാജ്യങ്ങളുടെ നിലപാടുകളുമാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. 

Last Updated : Sep 15, 2018, 08:03 PM IST
ഇന്ധനവില കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ ഉടന്‍: അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ വിശദീകരണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും എണ്ണയുല്‍പ്പാദന രാജ്യങ്ങളുടെ നിലപാടുകളുമാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. 

'ബിജെപി നേതൃത്വവും കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. ഇന്ധനവില കുറയ്‌ക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കും'- ഷാ കൂട്ടിച്ചേര്‍ത്തു.

തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം ഇന്ധനവില കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയെന്ന് അമിത് ഷാ പറഞ്ഞുവെങ്കിലും അതെന്താണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. 

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിട്ടും എണ്ണവില ഉടന്‍ കുറയ്‌ക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നത്. 

സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ഇന്ധനവില കുറയ്‌ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

Trending News