കോപ്പിയടി തടയാന്‍ കോളേജ് അധികൃതരുടെ സൂപ്പര്‍ ഐഡിയ...

'പരീക്ഷ മുറിയിലെ മനുഷ്യത്വരഹിതമായ ഐഡിയ'

Sneha Aniyan | Updated: Oct 19, 2019, 12:39 PM IST
കോപ്പിയടി തടയാന്‍ കോളേജ് അധികൃതരുടെ സൂപ്പര്‍ ഐഡിയ...

കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ് ബോക്സുകള്‍ കമഴ്ത്തി കോളേജ്!! 

അധ്യാപകരെ പറ്റിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കോപ്പിയടി ഒഴിവാക്കാനായി കര്‍ണാടകയിലെ ഒരു സ്വകാര്യ കോളേജാണ് പുതിയ ഐഡിയയുമായി രംഗത്തെത്തിയത്. 

കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഭഗത് പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. കോളേജ് അധികൃതരില്‍ ഒരാളായ സതീഷ്‌ ഹെരുരിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് സംഭവം വൈരലായത്.

കാര്‍ഡ്ബോര്‍ഡ് ബോക്സുകള്‍ തലയില്‍ കമഴ്ത്തിയിരുന്ന് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രമാണ്‌ സതീഷ്‌ പങ്കുവച്ചിരുന്നത്. 

ബുധനാഴ്ചയായിരുന്നു ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള അര്‍ദ്ധവാര്‍ഷിക പരീക്ഷ നടന്നത്. കെമിസ്ട്രി പരീക്ഷ നടന്ന അന്നേ ദിവസം തന്നെയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നതും. 

'ഞങ്ങളുടെ കോളേജില്‍ ഇന്ന് നടന്ന അര്‍ദ്ധവാര്‍ഷിക പരീക്ഷ. അതായത്, ഹാവേരിയിലെ ഭഗത് പ്രീ-യൂണിവേഴ്സിറ്റി കോളേജ്.' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

സതീഷ്‌ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങള്‍ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് സംഭവത്തില്‍ ഇടപെട്ടു. 

ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

'പരീക്ഷ മുറിയിലെ മനുഷ്യത്വരഹിതമായ ഐഡിയ' എന്ന് പറഞ്ഞാണ് കോളേജ് അധികൃതര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. 

എന്നാല്‍, കഴിഞ്ഞ വര്‍ഷം നിരവധി വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് കൊപ്പിയടിച്ചതെന്നും പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടും തുടര്‍ന്നതോടെയാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്.