വാട്ട്സ്ആപ്, വൈബര്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

Last Updated : Jun 29, 2016, 07:11 PM IST
വാട്ട്സ്ആപ്, വൈബര്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

വാട്ട്സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. പരാതിക്കാര്‍ക്ക് തര്‍ക്കപരിഹാര ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.  ഏറെ പ്രചാരം നേടിയ മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്, വൈബര്‍ തുടങ്ങിയവ തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാല്‍ ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം മെസേജുകള്‍ വായിക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. ഈ സംവിധാനത്തിലേക്ക് ഉപയോക്താവ് മാറിക്കഴിഞ്ഞാല്‍ മറ്റുള്ളവര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാന്‍ കമ്പനിക്ക്‌പോലും സാധിക്കില്ല.  എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സംവിധാനം തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സഹായകരമാകുന്നുയെന്നാണ് സുധീര്‍ യാദവ് വാദിച്ചത്.

എന്‍ക്രിപ്റ്റ് ചെയ്ത ഇത്തരം സന്ദേശങ്ങളിലെ ഉള്ളടക്കം മനസിലാക്കുക ശ്രമകരമായ ജോലിയാണ്. 256 ബിറ്റ് എന്‍ക്രിപ്റ്റ് സന്ദേശം ഡീക്രിപ്റ്റ് ചെയ്യാന്‍ നൂറിലേറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും തന്‍റെ ഹര്‍ജിയില്‍ യാദവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വാട്‌സ്ആപ്പ്, വൈബര്‍, ഹൈക്ക്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

Trending News