അയോധ്യ വിധി: പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ പുറത്തുവന്ന ചരിത്ര പ്രധാനമായ വിധിയ്ക്ക് ശേഷം സമര്‍പ്പിക്കപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

Sheeba George | Updated: Dec 12, 2019, 04:52 PM IST
അയോധ്യ വിധി: പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ പുറത്തുവന്ന ചരിത്ര പ്രധാനമായ വിധിയ്ക്ക് ശേഷം സമര്‍പ്പിക്കപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

വിധിയുമായി ബന്ധപ്പെട്ട് 18 പുന:പരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ 5 അംഗ ബെഞ്ചാണ് നിർണായകമായ നടപടി സ്വീകരിച്ചത്. ചീഫ് ജസ്‌റ്റീസ് ബോബ്ഡെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങള്‍. ചീഫ് ജസ്റ്റിസിന്‍റെ  ചേംബറില്‍ വച്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. 

2.77 ഏക്കർ തർക്കഭൂമി ക്ഷേത്രനിർമാണത്തിനു കൈമാറുകയും പകരം അയോധ്യയിൽ പ്രധാനസ്ഥലത്തു മുസ്ലിം പള്ളിയ്ക്കായി 5 ഏക്കർ ഭൂമി നൽകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. ഇതിനെതിരെയാണ് പുനഃപരിശോധന ഹർജികൾ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് 9 മുസ്ലിംകക്ഷികള്‍ കോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മുസ്ലിംങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ 5 ഏക്കര്‍ ഭൂമി നല്‍കണമെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ഏറ്റവും ഒടുവില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചത് സന്യാസി സമൂഹമായ നിര്‍മോഹി അഖാരയാണ്.

ചരിത്ര പ്രധാനമായ അയോധ്യ ഭൂമി തര്‍ക്ക കേസില്‍ പരിഹാരമായി, എങ്കിലും അതൃപ്തിയുടെ അലയൊലികള്‍ ഇപ്പോഴും ശമിച്ചിട്ടില്ല.