close

News WrapGet Handpicked Stories from our editors directly to your mailbox

കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി; കേസ് ചൊവാഴ്ച പരിഗണിക്കും

സ്പീക്കറുടെയും വിമത എംഎല്‍എമാരുടേയും ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു ഇങ്ങനൊരു തീരുമാനം കോടതി പുറപ്പെടുപ്പിച്ചത്.   

Updated: Jul 12, 2019, 01:49 PM IST
കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി; കേസ് ചൊവാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ചൊവ്വാഴ്ചവരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്.  അതുവരെ രാജിക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ്‌ രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ഇതോടെ കുമാരസ്വാമി സര്‍ക്കാരിന് കുറച്ച് ആശ്വാസമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സ്പീക്കറുടെയും വിമത എംഎല്‍എമാരുടേയും ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു ഇങ്ങനൊരു തീരുമാനം കോടതി പുറപ്പെടുപ്പിച്ചത്. 

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുവെന്ന് എംഎല്‍എമാരുടെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി വാദിച്ചു. 

സ്പീക്കറുടെ വാര്‍ത്താ സമ്മേളനം കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു നോട്ടിസ് അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജിയും സ്പീക്കര്‍ക്ക് സഭയ്ക്കുള്ളിലെ അവകാശവും തമ്മില്‍ ബന്ധമില്ല. രാജി താമസിപ്പിച്ച് അംഗങ്ങളെ അയോഗ്യരാക്കാനുള്ള നീക്കമാണു സ്പീക്കര്‍ നടത്തുന്നതെന്നും റോഹ്തഗി വ്യക്തമാക്കി.

അതേസമയം 1974 ലെ ഭേദഗതി അനുസരിച്ച് അങ്ങനെ എളുപ്പത്തില്‍ രാജി സ്വീകരിക്കാന്‍ ആവില്ലെന്നും അന്വേഷണം നടത്തി യഥാര്‍ത്ഥമാണെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വി പറഞ്ഞു.  

ചുരുക്കത്തില്‍ ചൊവ്വാഴ്ച്ചവരെ കുമാരസ്വാമി സര്‍ക്കാരിന് ഒരു സമാധാനമുണ്ട്. അതിനുള്ളില്‍ എന്തെങ്കിലും വഴികള്‍ സര്‍ക്കാര്‍ കണ്ടെത്തുമോയെന്ന് കാത്തിരുന്നു കാണാം.