ചിദംബരത്തിന്‍റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

Last Updated : Aug 23, 2019, 10:53 AM IST
ചിദംബരത്തിന്‍റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും എതിരായ ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്ക് എതിരായ ഹര്‍ജിയുമാണ് ഇന്ന് സുപ്രീംകോടതിയില്‍ എത്തുന്നത്. ജസ്റ്റിസുമാരായ ആര്‍ആര്‍ ഭാനുമതിയും എഎസ് ബൊപ്പണ്ണയുമാണ് ഹര്‍ജികള്‍ പരിഗണിക്കുക.

മുന്‍കൂര്‍ ജാമ്യത്തിനായി കഴിഞ്ഞ ബുധനാഴ്ച ചിദംബരം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പിഴവിനെ തുടര്‍ന്ന് ലിസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി ഉറപ്പു നല്‍കിയിരുന്നു. ഇതിനിടെയാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. അതിനാല്‍ ഈ ഹര്‍ജിയ്ക്ക് ഇനി പ്രാധാന്യമില്ല. 

എന്നാല്‍, കേസിലെ നിയമ നടപടികളെ ചോദ്യം ചെയ്തുള്ള രണ്ട് പുതിയ ഹര്‍ജികളാണ് ചിദംബരം ഇന്ന് സുപ്രീംകോടതിയുടെ മുന്നില്‍ എത്തിക്കുക.

അറസ്റ്റ് തടയാനാകില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയും സിബിഐ, എന്‍ഫോഴ്സ്മെന്‍റ്  നടപടികള്‍ക്കെതിരെയുമാണ് ഈ ഹര്‍ജികള്‍. 

സിബിഐ പ്രത്യേകകോടതി ചിദംബരത്തെ 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതിനാല്‍ ഈ കാര്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിന് സാധ്യത കുറവാണ് എന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം.

അതേസമയം, കസ്റ്റഡിയില്‍ ഉള്ള ചിദംബരത്തെ ചോദ്യം ചെയ്യുന്നത് സിബിഐ ഇന്നും തുടരും.  തിങ്കളാഴ്ചവരെയാണ് പ്രത്യേക കോടതി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

 

 

Trending News