വീണ്ടും ഗുജറാത്ത്;വനിതാ ട്രെയിനികളെ നഗ്നരാക്കി പരിശോധന;അന്വേഷിക്കുമെന്ന് സൂററ്റ് മുനിസിപാലിറ്റി

ഗുജറാത്തിലെ സൂററ്റില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വനിതാ ട്രെയിനികളെ നഗ്നരാക്കി പരിശോധന നടത്തിയെന്ന് ആരോപണം.ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ പത്തോളം വനിതാ ട്രെയിനികളെ നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് പരാതി ,പരാതി ഉയര്‍ന്നതിന് പിന്നാലെ ഇതില്‍ അന്വേഷണം നടത്തുന്നതിന് സൂററ്റ് മുനിസിപ്പല്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.അന്വേഷണത്തിനായി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

Updated: Feb 21, 2020, 07:53 PM IST
വീണ്ടും ഗുജറാത്ത്;വനിതാ ട്രെയിനികളെ നഗ്നരാക്കി പരിശോധന;അന്വേഷിക്കുമെന്ന് സൂററ്റ് മുനിസിപാലിറ്റി

സൂററ്റ്:ഗുജറാത്തിലെ സൂററ്റില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വനിതാ ട്രെയിനികളെ നഗ്നരാക്കി പരിശോധന നടത്തിയെന്ന് ആരോപണം.ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ പത്തോളം വനിതാ ട്രെയിനികളെ നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് പരാതി ,പരാതി ഉയര്‍ന്നതിന് പിന്നാലെ ഇതില്‍ അന്വേഷണം നടത്തുന്നതിന് സൂററ്റ് മുനിസിപ്പല്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.അന്വേഷണത്തിനായി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

പതിനഞ്ച് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന് സമിതിക്ക് മുനിസിപ്പല്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അവിവാഹിതരായ സ്ത്രീകളെ പ്പോലും നഗ്നരാക്കി ഗര്‍ഭ പരിശോധന നടത്തിയതായി സുററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എംപ്ലോയീസ് യൂണിയന്‍ പറയുന്നു.ചട്ടപ്രകാരം, മൂന്നു വർഷത്തെ പരിശീലന കാലയളവ് പൂർത്തിയായപ്പോൾ എല്ലാ ട്രെയിനി ജീവനക്കാരും അവരുടെ ശാരീരിക ക്ഷമത തെളിയിക്കാന്‍ ശാരീരിക പരിശോധന നടത്തണമെന്നാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ പരിശോധനയ്ക്ക് എതിരല്ലെങ്കിലും ഗൈനക്കോളജി വാർഡിലെ വനിതാ ഡോക്ടർമാർ സ്വീകരിച്ച രീതി അനുചിതമാണെന്നും യൂണിയന്‍ പറയുന്നു.

പരിശോധനയ്ക്കായി മുറിയിൽ ഓരോരുത്തരെയായി വിളിക്കുന്നതിനു പകരം നഗ്നരായി ഒരുമിച്ച് നിൽക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വ രഹിതവും നിയമ വിരുദ്ധവുമാണെന്നും ഓരോരുത്തരെയും പ്രത്യേകം പരിശോധിക്കുകയാണ് ചെയ്യേണ്ടതെന്നും  യൂണിയന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.മെഡിക്കല്‍ പരിശോധനയില്‍ സ്ത്രീകളുടെ ബഹുമാനം കാത്ത് സൂക്ഷിക്കണമെന്നും യൂണിയന്‍ ആവശ്യപെടുന്നു.അതേസമയം പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ എന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൂററ്റ് മുനിസിപാലിറ്റി വ്യക്തമാക്കി.നേരത്തെ ഗുജറാത്തിലെ വനിതാ കോളജിൽ ആർത്തവമുണ്ടോയെന്നറിയാൻ വിദ്യാര്‍ഥികളെ നഗ്നരാക്കി പരിശോധന നടത്തിയ സംഭവം ഉണ്ടായിരുന്നു.ഇതില്‍ കോളേജ് പ്രിന്‍സിപ്പല്‍ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.