'മാന്യമായ ഭാഷയിൽ വിമർശിക്കൂ'; സുഷമാ സ്വരാജ്

മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ അഭ്യര്‍ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.

Last Updated : Jul 2, 2018, 11:31 AM IST
'മാന്യമായ ഭാഷയിൽ വിമർശിക്കൂ'; സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ അഭ്യര്‍ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.

വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. ജനാധിപത്യത്തില്‍ വിവിധ അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്, കൂടാതെ ഇത് ആവശ്യവുമാണ്. വിമര്‍ശനം നല്ലതാണ്, എന്നാല്‍ അത് മാന്യമായ ഭാഷയില്‍ ആവുമ്പോള്‍ കൂടുതല്‍ പ്രയോജനകരമാവും, അവര്‍ ട്വീറ്റെറില്‍ കുറിച്ചു. 

കൂടാതെ, കഴിഞ്ഞ കുറേ ദിവസങ്ങളായി സുഷമാ സ്വരാജിനെതിരെ നടന്നു വന്ന ട്വീറ്റെര്‍ ആക്രമണത്തെ അവര്‍ ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെ നേരിട്ടു. ഇത്തരം പ്രവണതകളെ അംഗീകരിക്കാന്‍ സാധിക്കുമോ എന്നായിരുന്നു ചോദ്യം. ഇല്ല എന്ന അഭിപ്രായവുമായി 57% പേര്‍ രംഗത്തെത്തിയതായും അവര്‍ പറഞ്ഞു.

അതേസമയം, സുഷമാ സ്വരാജിനെതിരെ നടക്കുന്ന ട്വീറ്റെര്‍ ആക്രമണത്തെക്കുറിച്ച് വളരെ വികാരാധീനനായാണ് അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ പ്രതികരിച്ചത്. ചിലര്‍ ട്വീറ്റെറില്‍ ഉപയോഗിച്ച കടുത്തവാക്കുകള്‍ വളരെയധികം വേദനയുളവാക്കിയതായി അദ്ദേഹം പറഞ്ഞു. 

സുഷമാ സ്വരാജിനെ തല്ലി നന്നാക്കണമെന്ന് ഭര്‍ത്താവിനോട് ആഹ്വാനം ചെയ്ത് മുകേഷ് ഗുപ്ത എന്നയാള്‍ കേന്ദ്രമന്ത്രിയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിന് ട്വിറ്റ് ചെയ്തിരുന്നു. 

സുഷമ സ്വരാജ് വീട്ടില്‍ വരുമ്പോള്‍ അവരെ തല്ലി ശരിയാക്കണമെന്നും മുസ്ലീം പ്രീണനം ആവശ്യമില്ലെന്ന് അവരെ പറഞ്ഞു മനസിലാക്കണമെന്നുമാണ് ഇയാള്‍ എഴുതിയത്. കൂടാതെ മുസ്ലീങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നും അവരെ പറഞ്ഞ് മനസിലാക്കണമെന്നും അയാള്‍ അഭിപ്രായപ്പെട്ടിരുന്നു.  

ഹിന്ദു-മുസ്ലീം ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഹിന്ദു മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ നടപടിയാണ് മന്ത്രിയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് ആധാരം. ഈ സംഭവത്തെ തുടര്‍ന്ന് തനിക്കെതിരെ വലിയ അധിക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. 

ചില ട്വീറ്റിന്‍റെ മാതൃകകളും അവര്‍ പങ്കുവച്ചിരുന്നു. മന്ത്രിയുടെ നടപടികളെ വര്‍ഗീയമായി വ്യാഖ്യാനിക്കാനും അവരെ വ്യക്തിപരമായി അധിക്ഷേപിക്കാനും ഇവര്‍ മടിച്ചില്ല. 

 

 

Trending News