ആള്‍ക്കൂട്ടക്കൊല ഹൃദയാഘാതമായി, അക്രമികള്‍ സ്വതന്ത്രര്‍...!!

22കാരനായ തബ്രേസ് അന്‍സാരിയുടെ മരണം ഹൃദയാഘാതംമൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 

Last Updated : Sep 10, 2019, 04:41 PM IST
ആള്‍ക്കൂട്ടക്കൊല ഹൃദയാഘാതമായി, അക്രമികള്‍ സ്വതന്ത്രര്‍...!!

ജാര്‍ഖണ്ഡ്: 22കാരനായ തബ്രേസ് അന്‍സാരിയുടെ മരണം ഹൃദയാഘാതംമൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 

ജാര്‍ഖണ്ഡ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. ഇതോടെ, മുന്‍പ് ആള്‍ക്കൂട്ടക്കൊലയെന്നു വിധിയെഴുതിയ സംഭവം സാധാരണമരണമായി. അതോടെ സംഭവത്തിൽ ഉൾപ്പെട്ട 11 പേർക്കെതിരായ കൊലപാതക കേസ് പോലീസ് ഉപേക്ഷിച്ചു.

രണ്ടുമാസം മുന്‍പാണ് സംഭവം നടക്കുന്നത്. ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചാണ് ആള്‍ക്കൂട്ടം അതിക്രൂരമായി തബ്രേസ് അന്‍സാരിയെ മര്‍ദ്ദിച്ചതെന്നായിരുന്നു തുടക്കത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ സെരായ്‌കേല ഖര്‍സാവനില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം ആരംഭിക്കുന്നത്.

തുടര്‍ന്ന് അന്‍സാരിയെ ആശുപത്രിയിലാക്കിയെങ്കിലും 22ന് മരിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പേരിലുണ്ടായ വിവാദമാണ് ഈ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമായത്. കുറ്റപത്രത്തില്‍ 11 പ്രതികള്‍ക്കുമെതിരെ കുറ്റകരമായ നരഹത്യയാണ് പൊലീസ് എഴുതിച്ചേര്‍ത്തിരുന്നത്. ഇത് കൊലക്കുറ്റത്തിനു തുല്യമല്ലെന്നതാണ് യാഥാര്‍ഥ്യം. 

അതേസമയം, രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും ഹൃദയാഘാതം മൂലമാണു മരണമെന്നാണു പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമോപദേശം സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍, തല പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു അന്‍സാരിയെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ജൂലൈയില്‍ പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടില്‍ തലയോട്ടിയിലെ പരിക്കിനെക്കുറിച്ച് കൃത്യമായി പറഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

 

 

Trending News