അതിർത്തിയിൽ ജനങ്ങൾ കൊല്ലപ്പെടുമ്പോള്‍ പാകിസ്ഥാനുമായുള്ള ചർച്ചകൾ ഉചിതമല്ല: സുഷമാ സ്വരാജ്

തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച്‌ വേണ്ടെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി  വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. 

Last Updated : May 28, 2018, 06:40 PM IST
അതിർത്തിയിൽ ജനങ്ങൾ കൊല്ലപ്പെടുമ്പോള്‍ പാകിസ്ഥാനുമായുള്ള ചർച്ചകൾ ഉചിതമല്ല: സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച്‌ വേണ്ടെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി  വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. 

അതിര്‍ത്തിയില്‍ നടക്കുന്ന വെടിവ‌യ്പില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനാണ് നഷ്ടമാവുന്നത്. ഇനിയും ഇത് തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട്  വിദേശകാര്യ മന്ത്രാലയം വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

'പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ നടത്തില്ലെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ അവിടെ ഒരു മുന്നറിയിപ്പുണ്ട്. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച്‌ മുന്നോട്ട് പോകില്ല'- സുഷമ സ്വരാജ് പറഞ്ഞു. 

പാകിസ്ഥാനില്‍ ജൂലൈയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട്, പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിലേക്ക് പോകും മുന്‍പ് ചര്‍ച്ചയ്ക്ക് ഇന്ത്യ സന്നദ്ധമാണെന്നും അതില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വലിയ പങ്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

ഗില്‍ഗിത്ത്-ബാല്‍ട്ടിസ്ഥാന്‍ മേഖലയെ പാകിസ്ഥാന്‍റെ ഫെഡറല്‍ സംവിധാനത്തോട് ചേര്‍ത്തുകൊണ്ട് മേയ് 21ന് പുറത്തിറങ്ങിയ ഉത്തരവിനെ കുറിച്ചും സുഷമ പ്രതികരിച്ചു. ഇതേകുറിച്ച്‌ പ്രതികരണം തേടിയ തങ്ങള്‍ക്ക് ലഭിച്ചത് പ്രഹസനമായ മറുപടിയാണ്. അവര്‍ നമ്മെ ചരിത്രം പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പാകിസ്ഥാന് എപ്പോഴും ചരിത്രത്തെ തച്ചുടയ്ക്കുന്ന പാരമ്പര്യമാണ് ഉള്ളത്. 

അവര്‍ നിയമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് തനിക്ക് അവരുടെ മറുപടി വായിച്ചപ്പോള്‍ മനസ്സിലായതെന്നും അവര്‍ പറഞ്ഞു. 

പാകിസ്ഥാന്‍റെ ഉത്തരവില്‍ പാക് ഹൈക്കമ്മീഷന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. 

 

 

Trending News