രാവിലെ ബിജെപിയില്‍ ചേര്‍ന്നു; രാത്രി വീണ്ടും കോണ്‍ഗ്രസിലെത്തി

ഒരു പകല്‍ ബിജെപിയില്‍ ചിലവഴിച്ചശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തി തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. ദാമോദര്‍ രാജനരസിംഹയുടെ ഭാര്യ പദ്മിനി റെഡ്ഡി.

Last Updated : Oct 12, 2018, 12:25 PM IST
രാവിലെ ബിജെപിയില്‍ ചേര്‍ന്നു; രാത്രി വീണ്ടും കോണ്‍ഗ്രസിലെത്തി

ഹൈദരാബാദ്: ഒരു പകല്‍ ബിജെപിയില്‍ ചിലവഴിച്ചശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തി തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. ദാമോദര്‍ രാജനരസിംഹയുടെ ഭാര്യ പദ്മിനി റെഡ്ഡി.

ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പാര്‍ട്ടിവിട്ട് വീണ്ടും അവര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. വ്യാഴാഴ്ചയാണ് ഈ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവിന്‍റെ പാര്‍ട്ടി വിടലും തിരിച്ചുവരവും ഒരേപോലെ നടന്നത്. 

വ്യാഴാഴ്ച രാവിലെയാണ് രാഷ്ട്രീയ സമൂഹ്യപ്രവര്‍ത്തകകൂടിയായ പദ്മിനി റെഡ്ഡി സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ കെ. ലക്ഷ്മണന്‍റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എന്നാല്‍, രാത്രി ഒമ്പത് മണിയോടെ അവര്‍ തീരുമാനം മാറ്റുകയായിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതോടെ പ്രവര്‍ത്തകര്‍ വളരെ വിഷമത്തിലാണൈന്നും അവരുടെ വികാരഭരിതമായ പ്രതികരണം കാരണം മടങ്ങിപ്പോകുകയാണെന്നുമാണ് ഈ വിഷയത്തില്‍ പദ്മിനി റെഡ്ഡി നല്‍കുന്ന വിശദീകരണം. ഭാര്യ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ചുള്ള രാജനരസിംഹയുടെ പ്രതികരണവും വ്യത്യസ്തമായിരുന്നു. രാഷ്ട്രീയത്തില്‍ ഏത് പാര്‍ട്ടി തിരഞ്ഞെടുക്കണം എന്നതിനുള്ള വ്യക്തിസ്വാതന്ത്യമുണ്ടെന്ന് രാജനരസിംഹ പറഞ്ഞു.

പദ്മിനി റെഡ്ഡി കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ കഴിവുള്ള ആളാണെന്നും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും തെലങ്കാന ബി.ജെ.പി വക്താവ് കൃഷ്ണ സാഗര്‍ റാവു അറിയിച്ചു.

അവിഭക്ത ആന്ധ്രാപ്രദേശിലെ എന്‍. കിരണ്‍കുമാര്‍ റെഡ്ഡി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു രാജനരസിംഹ. നിലവില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക കമ്മിറ്റി ചെയര്‍മാനാണ്.

Trending News