തെലങ്കാനയില്‍ ടി.ആര്‍.എസ്. മുന്നേറ്റം!!

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നില്ല തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. മഹാകൂടമി സഖ്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചെറിയ പ്രതീക്ഷ വച്ചിരുന്നുവെങ്കിലും ആ പ്രതീക്ഷ അസ്ഥാനത്താക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം.

Last Updated : Dec 11, 2018, 01:19 PM IST
തെലങ്കാനയില്‍ ടി.ആര്‍.എസ്. മുന്നേറ്റം!!

ഹൈദരാബാദ്: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നില്ല തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. മഹാകൂടമി സഖ്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചെറിയ പ്രതീക്ഷ വച്ചിരുന്നുവെങ്കിലും ആ പ്രതീക്ഷ അസ്ഥാനത്താക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം.

പ്രതിപക്ഷ കൂട്ടായ്മയായ മഹാകൂടമി സഖ്യത്തെ ബഹുദൂരം പിന്നിലാക്കിയാണ് ടിആര്‍എസ് മുന്നേറിയത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ തെലങ്കാന രാഷ്ട്രസമിതി വിജയം ഉറപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവ ചേര്‍ന്ന സഖ്യമാണ് മഹാകൂടമി.

ബിജെപി വിരുദ്ധ വിശാലസഖ്യത്തിന്‍റെ പരീക്ഷണശാല ആയി ഏവരും നോക്കിക്കണ്ട സംസ്ഥാനമായിരുന്നു തെലങ്കാന. തെലങ്കാനയില്‍ ടി.ആര്‍.എസ് വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്. 119 സീറ്റുകളില്‍ 89 സീറ്റുകളിലാണ് ടി.ആര്‍.എസ് മുന്നേറുന്നത്. കോണ്‍ഗ്രസ് 22 സീറ്റുകളിലും ബി.ജെ.പി 2 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 6 സീറ്റുകളില്‍ മുന്നേറ്റം തുടരുന്നു. 

സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുളള ആദ്യ തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളില്‍ 63 ഇടത്ത് വിജയിച്ചാണ് കെ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ ടി.ആര്‍.എസ് അധികാരത്തിലെത്തിയത്. സംസ്ഥാന രൂപീകരണത്തിനായി സമരം നടന്നതും ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലായിരുന്നു. ആന്ധ്ര പ്രദേശ് സംസ്ഥാനം വിഭജിക്കപ്പെട്ട് 2014 ജൂണ്‍ 2നാണ് തെലങ്കാന നിലവില്‍ വന്നത്. 

വീണ്ടും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. 2019 മെയ് മാസം വരെ കാലാവധി ഉണ്ടായിരുന്ന നിയമസഭയാണ് പിരിച്ചുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ദേശീയ രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ മേല്‍കൈ നേടുമെന്നും അതുവഴി തന്‍റെ വികസനനേട്ടങ്ങള്‍ ചര്‍ച്ചയാവാതെ പോവുമെന്ന വിലയിരുത്തലിലാണ് റാവു ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

അതേസമയം, തെലങ്കാനയിലെ വിജയം കെ. ചന്ദ്രശേഖര റാവുവി​​ന്‍റെ കഠിനാധ്വാനത്തിന്​ കിട്ടിയ പ്രതിഫലമാണെന്ന്​ മകളും എം പി യുമായ കെ. കവിത അഭിപ്രായപ്പെട്ടു. കെ.സി.ആറിനെ പോലെ തെലങ്കാനയെ അറിയുന്നവർ ഇല്ല, കവിത പറഞ്ഞു. 

 

Trending News