കേരളമുള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി

ഈ സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.  

Last Updated : Apr 27, 2019, 08:47 AM IST
കേരളമുള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി

ബംഗളൂരൂ: കേരളമുള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി. ഇത് സംബന്ധിച്ച ടെലഫോണ്‍ സന്ദേശം കര്‍ണാടക പൊലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് മറ്റ് സംസ്ഥാനങ്ങളിലും സ്ഫോടനം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കുന്നത് എന്നാണ് സന്ദേശം.

കേരളത്തിന് പുറമേ കര്‍ണ്ണാടക, തമിഴ്നാട്‌, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഭീകരാക്രമണ ഭീഷണിയുള്ളത്.  ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച് സന്ദേശം ബംഗളൂരൂ സിറ്റി പൊലീസിന് ലഭിച്ചത്. 

തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ വിളിച്ചയാള്‍, സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്. 19 തീവ്രവാദികള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ ട്രെയിനുകളില്‍ ഭീകരാക്രമണമുണ്ടാക്കുമെന്നുമാണ് സന്ദേശം നല്‍കിയത്.

ഈ സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. അതേസമയം ടെലഫോണ്‍ സന്ദേശത്തിന്റെ വസ്തുത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.  ഇത് സംബന്ധിച്ച് പരിശോധനകള്‍ തുടരുകയാണ്.

ഇതിനിടെ ശ്രീലങ്കന്‍ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന 50 പേരെയാണ് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.

ഐഎസ് സംഘത്തില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന ഇവര്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചുകടന്ന ശേഷം അഫ്ഗാനിസ്ഥാനിലും സിറിയയിലുമായി കഴിയുകയാണെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. 

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 105 ഓളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് എന്‍ഐഎയുടെ പിടിയിലായത്. ഇവര്‍ക്കെതിരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 14 ഐഎസ് ഭീകരര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ കഴിയുന്നുണ്ടെന്നാണ് സൂചന. 

2016 മെയ്-ജൂണ്‍ കാലയളവില്‍ ഇന്ത്യ വിട്ട കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ അഫ്ഗാനിസ്ഥാനിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയായിരുന്നെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിറിയയിലും ഇറാഖിലുമായി താമസിക്കുന്ന ഐഎസ് ഭീകരര്‍ ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ യുവാക്കളെ ഇപ്പോഴും ഐഎസിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും എന്‍ഐഎ പറ‍ഞ്ഞു. 

2018-ല്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി സ്ഫോടനപരമ്പരകള്‍ നടത്താന്‍ ഐഎസ് ബന്ധമുള്ള ഭീകരസംഘടന ഹര്‍ക്കത്-ഉള്‍-ഹര്‍ബ്-എ ഇസ്ലാം പദ്ധതി ഇട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഐഎസിന് ആക്രമണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

Trending News