കര്‍ണാടകയില്‍ മൂന്ന്‍ വിമതരെ സ്പീക്കര്‍ അയോഗ്യരാക്കി

ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച മറ്റ് വിമത എംഎല്‍എമാര്‍ക്ക് നേരെയും നടപടി ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പീക്കര്‍.   

Last Updated : Jul 26, 2019, 08:17 AM IST
കര്‍ണാടകയില്‍ മൂന്ന്‍ വിമതരെ സ്പീക്കര്‍ അയോഗ്യരാക്കി

ബംഗളൂരു: കര്‍ണാടകയില്‍ മൂന്ന്‍ വിമതരെ സ്പീക്കര്‍ അയോഗ്യരാക്കി. ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കെപിജെപി എംഎല്‍എ ആര്‍.ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. 

വിമത എംഎല്‍എമാരുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എംഎല്‍എമാരാണ് രമേഷ് ജാര്‍ക്കിഹോളിയും മഹേഷ് കുമത്തല്ലിയും. ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച മറ്റ് വിമത എംഎല്‍എമാര്‍ക്ക് നേരെയും നടപടി ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പീക്കര്‍. 

ബാക്കി എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കുമെന്ന്‍ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ അറിയിച്ചു. രാജിവച്ച പതിനഞ്ച് എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യതാ ശുപാര്‍ശ നല്‍കിയിരുന്നു. 

കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത്രപെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നേരത്തേ സ്പീക്കര്‍ നല്‍കിയിരുന്നു.

സര്‍ക്കാര്‍ നിലംപൊത്തിയതിന് പിന്നാലെ വിമത എംഎല്‍എമാരെ അയോഗ്യരാക്കുമോ എന്ന ചോദ്യത്തിന് സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയുമെന്നായിരുന്നു കെ ആര്‍ രമേഷ് കുമാറിന്‍റെ പ്രതികരണം.

അതേസമയം വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ബി.ജെ.പിക്ക് കൂടുതല്‍ അംഗബലം നേടിയതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. 

കേന്ദ്ര നേതൃത്വത്തിന്‍റെ അനുവാദത്തോടെയാണ് ഇങ്ങനെയൊരു നീക്കത്തിന് ബിജെപി മുതിരുന്നതെന്നാണ് സൂചന. കര്‍ണാടകയില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ കേന്ദ്ര തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കര്‍ണാടകത്തില്‍ തിരിച്ചത്തിയ വിമത എംഎല്‍എ ശിവറാം ഹെബ്ബറുമായി സിദ്ധരാമയ്യ സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ കെ.സുധാകറും എംടിബി നാഗരാജും രാജി പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്‌. ആറ് എംഎല്‍എമാരെങ്കിലും തീരുമാനം മാറ്റിയാല്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം നടക്കില്ല.  

എന്തായാലും കര്‍ണാടകയുടെ ഭാവിയെന്തെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിയിരിക്കുന്നു.

Trending News