close

News WrapGet Handpicked Stories from our editors directly to your mailbox

ജയിച്ചാല്‍ മാസം തോറും ഓരോ വീട്ടിലും 10 ലിറ്റര്‍ മദ്യം!!

വാഗ്ദാനങ്ങളുടെ തീവ്രത കൂടുന്തോറും ജനങ്ങള്‍ ആകൃഷ്ടരാകും എന്നതാണ് യാഥാര്‍ത്ഥ്യം.   

Updated: Mar 25, 2019, 12:29 PM IST
ജയിച്ചാല്‍ മാസം തോറും ഓരോ വീട്ടിലും 10 ലിറ്റര്‍ മദ്യം!!

ചെന്നൈ: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെല്ലാം വാഗ്ദാനങ്ങളാണ് പെരുമഴപോലെ വരുന്നത് എന്ന് നമ്മള്‍ കണ്ടിട്ടുണ്ടല്ലോ.  വരുന്നപോലെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് ഒഴുകിപോകുകയും ചെയ്യും. അത് സാധാരണമാണ്.  

വാഗ്ദാനങ്ങളുടെ തീവ്രത കൂടുന്തോറും ജനങ്ങള്‍ ആകൃഷ്ടരാകും എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ എത്രത്തോളം സാധിച്ചുവെന്ന് ഭരിച്ച പാര്‍ട്ടികളോട് ചോദിച്ചാല്‍ അവര്‍ പറയും ഞങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കൂ എല്ലാം ഞങ്ങള്‍ നടത്തി തരുമെന്ന്.

എന്തായാലും തമിഴ്നാട്ടിലെ തിരുപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വളരെ വ്യത്യസ്തമായ വാഗ്ദാനമാണ് ഇത് എന്നതില്‍ സംശയമില്ല. എന്താണെന്നോ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ മദ്യം തേടി അലയേണ്ടി വരില്ലെന്നാണ്. 

അതെ തമിഴ്നാട് തിരുപ്പൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ.എം ഷെയ്ക്ക് ദാവൂദിന്‍റെ വാഗ്ദാനമാണിത്. മാസം തോറും 10 ലിറ്റര്‍ മദ്യം എല്ലാ വീട്ടിലുമെത്തിക്കുമെന്നാണ് ഷെയ്ക്ക് ദാവൂദ് ഉറപ്പുനല്‍കുന്നത്. ശനിയാഴ്ച കളക്ടറേറ്റിലെത്തി തിര‌ഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തന്‍റെ വാഗ്ദാനങ്ങള്‍ ദാവൂദ് വെളിപ്പെടുത്തിയത്.

മാത്രമല്ല, മാസം തോറും ഓരോ കുടുംബത്തിനും 25,000 രൂപ നല്‍കുമെന്നും മേട്ടൂര്‍ മുതല്‍ തിരുപ്പൂര്‍ വരെ കനാല്‍, ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി, വിവാഹത്തിനായി 10 സ്വര്‍ണ്ണ നാണയങ്ങളും 10 ലക്ഷം രൂപയും എംപി ഫണ്ടില്‍ നിന്നും നല്‍കും അങ്ങനെ വാഗ്ദാനങ്ങളുടെ ഒരു നീണ്ടനിരതന്നെ ദാവൂദ് നല്‍കിയിട്ടുണ്ട്.

തിരിപ്പൂര്‍ മണ്ഡലത്തില്‍ എഐഎഡിഎംകെയ്ക്ക് വേണ്ടി മത്സരിക്കുന്നത് എംഎസ്എം ആനന്ദും, സിപിഐയുടെ സുബ്ബരായന്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയ്ക്ക് വേണ്ടിയും പോരാട്ടത്തിനിറങ്ങും.