നാശം വിതച്ച് തിത്‌ലി ചുഴലിക്കാറ്റ്; ആന്ധ്രയില്‍ 8 പേര്‍ മരിച്ചു, ഒഡിഷയില്‍ 3 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

ആന്ധ്രപ്രദേശില്‍ കനത്ത നാശംവിതച്ച് തിത്‌ലി ചുഴലിക്കാറ്റ്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിലായി ആന്ധ്രപ്രദേശില്‍ 8പേര്‍ മരിച്ചു. 

Updated: Oct 11, 2018, 06:18 PM IST
നാശം വിതച്ച് തിത്‌ലി ചുഴലിക്കാറ്റ്; ആന്ധ്രയില്‍ 8 പേര്‍ മരിച്ചു, ഒഡിഷയില്‍ 3 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കനത്ത നാശംവിതച്ച് തിത്‌ലി ചുഴലിക്കാറ്റ്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിലായി ആന്ധ്രപ്രദേശില്‍ 8പേര്‍ മരിച്ചു. 

ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളില്‍ കനത്ത നാശമാണ് തിത്‌ലി ചുഴലിക്കാറ്റ് വിതച്ചത്. ഇവിടെ വ്യാപകമായി റോഡുകള്‍ തകരുകയും ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2000 ത്തില്‍ അധികം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതായാണ് ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ 4319 ഗ്രാമങ്ങളിലും ആറു നഗരങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. 

അതേസമയം, ഒഡിഷ തീരത്തും തിത്‌ലി ചുഴലിക്കാറ്റ് കനത്ത നാശമാണ് വിതച്ചത്. തീരപ്രദേശം ജാഗ്രതയിലാണ്. ഇതിന്‍റെ ഭാഗമായി മൂന്നു ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്. ഏതു സാഹചര്യത്തേയും നേരിടാന്‍ പൊലിസ്, സേനകള്‍, ഫയര്‍ സര്‍വീസ് തുടങ്ങി എല്ലാ സജ്ജീകരണങ്ങളും നടത്തിയതായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് തിത്‌ലിയുടെ പിടിയില്‍. ഈ മൂന്ന് സംസ്ഥാനങ്ങളിലെയ്ക്കായി 1,000 എന്‍.ഡി.ആര്‍.എഫ് അംഗങ്ങളെ കേന്ദ്രം അയച്ചു.