നടനും പദ്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനും പദ്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുസൂറിയില്‍ 1950 ലായിരുന്നു ജനനം. അമേരിക്കയില്‍ ഉപരിപഠനത്തിന് ശേഷം 70 കളില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 

Updated: Sep 30, 2017, 09:22 AM IST
നടനും പദ്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും സംവിധായകനും പദ്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുസൂറിയില്‍ 1950 ലായിരുന്നു ജനനം. അമേരിക്കയില്‍ ഉപരിപഠനത്തിന് ശേഷം 70 കളില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 

സ്വര്‍ണ മെഡലോടെ നടനത്തില്‍ ബിരുദം സ്വന്തമാക്കി. രാമാനന്ത് സാഗറിന്‍റെ 1976 ല്‍ പുറത്തിറങ്ങിയ 'ചരസ്' ആയിരുന്നു ആദ്യ ചിത്രം. സത്യജിത് റേയുടെ 'ശത് രഞ്ച് കേ കിലാഡി', ശ്യാം ബെനഗലിന്‍റെ 'ജുനൂന്'‍, മനോജ് കുമാറിന്‍റെ 'ക്രാന്തി', രാജ് കപൂറിന്‍റെ 'രാം തേരി ഗംഗ മൈലി' മഹേഷ്‌ ഭട്ടിന്‍റെ 'ആഷികി' എന്നിവയാണ് ആദ്യകാലത്തെ അദ്ദേഹത്തിന്‍റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 90 കളില്‍ അദ്ദേഹം ബോളിവുഡിലെ സ്ഥിരം മുഖമായി. ആഷിഖിയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി, വണ്‍ നൈറ്റ് വിത്ത് കിങ് എന്നിങ്ങനെ നിരവധി ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു. ഡോ.വര്‍ഗീസ് കുര്യനെക്കുറിച്ചുള്ള ഓഡിയോ ജീവചരിത്രത്തിന് ശബ്ദം നല്‍കിയത് ആള്‍ട്ടറായിരുന്നു. ബോളിവുഡിന് പുറമെ ആസാമീസ്, മറാത്തി, ബംഗാളി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ജുനൂന് പുറമെ ഭാരത് ഏക് ഖോജ്, ശക്തിമാന്‍, ജുഗല്‍ബന്തി എന്നീ ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സിനിമയിലും സീരിയലിലും നിറഞ്ഞുനില്‍ക്കുമ്പോഴും നാടകരംഗത്തും അദ്ദേഹം സജീവമായിരുന്നു. മൗലാന ആസാദ്, മിര്‍സ ഗാലിബ്, ടാഗോര്‍, ഐന്‍സ്റ്റീന്‍, മഹാത്മാഗാന്ധി എന്നീ വേഷങ്ങളെല്ലാം സ്‌റ്റേജിലും അദ്ദേഹം മികവോടെ അഭിനയിച്ചു. 2008 ല്‍ പദ്മശ്രീ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 80കളിലും 90 കളിലും മികച്ച കളിയെഴുത്തുകാരനായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ആദ്യമായി ടെലിവിഷന് വേണ്ടി സച്ചിന്‍ തെണ്ടുല്‍ക്കറെ അഭിമുഖം ചെയ്തത് ആള്‍ട്ടറായിരുന്നു. ഇന്ത്യക്ക് വേണ്ടി സച്ചിന്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായിരുന്നു ഈ അഭിമുഖം. മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.  പ്രിയദര്‍ശന്‍റെ മലയാള ചിത്രം കാലാപാനിയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അനുരാഗകരിക്കിന്‍ വെള്ളം എന്ന സിനിമയിലും അദ്ദേഹം ചെറിയ വേഷം ചെയ്തിരുന്നു.