ഉത്തര്‍ പ്രദേശിലേയ്ക്ക് പോവേണ്ട ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍...!!

  lock downനെ ത്തുടര്‍ന്ന്  മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ എത്തിച്ചേര്‍ന്നത് ഒഡീഷയില്‍....

Updated: May 23, 2020, 01:56 PM IST
ഉത്തര്‍ പ്രദേശിലേയ്ക്ക്  പോവേണ്ട ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍...!!

ഭൂവനേശ്വര്‍:  lock downനെ ത്തുടര്‍ന്ന്  മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ എത്തിച്ചേര്‍ന്നത് ഒഡീഷയില്‍....

മഹാരാഷ്ട്രയില്‍നിന്നും ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേയ്ക്ക് പുറപ്പെട്ട ട്രെയിനാണ്  ഒഡീഷയിലെ റൂര്‍ക്കല സ്റ്റേഷനില്‍ എത്തിയത്.  ശനിയാഴ്ച രാവിലെയാണ് ട്രെയിന്‍ റൂര്‍ക്കലയില്‍ എത്തിയത്. മെയ് 21ന് മഹാരാഷ്ട്രയിലെ വാസയ് റോഡ് സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനാണ് വഴിതെറ്റി  ഒഡീഷയിലെ റൂര്‍ക്കലയില്‍ എത്തിയത്. 

ജോലി നഷ്ടപ്പെട്ട് കഷ്ടതയിലായ തൊഴിലാളകള്‍ക്കു നീണ്ട ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് ട്രെയിന്‍ ലഭ്യമായത്. എന്നാല്‍ ജന്മനാട്ടിലെത്താന്‍ ആശിച്ച്‌ ട്രെയിന്‍ കയറിയ തൊഴിലാളികള്‍ എത്തിപ്പെട്ടത് ഒഡീഷയില്‍നിന്ന് 750 കിലോമീറ്റര്‍ അകലെയുള്ള റൂര്‍ക്കലയിലാണ്. ലോക്കോ പൈലറ്റിന് വഴി തെറ്റിയതായാണ് യാത്രക്കാര്‍ ആരോപിച്ചിരിയ്ക്കുന്നത്. 

ട്വിറ്റര്‍വഴി ചിലര്‍ ഇക്കാര്യം ചിത്രം സഹിതം പോസ്റ്റ് ചെയ്തതോടെയാണ് ട്രെയിന്‍ റൂട്ട് മാറിയ വിവരം പുറത്തുവന്നത്. അതേസമയം, തിരക്ക് പരിഹരിക്കുന്നതിനായി ചില ട്രെയിനുകള്‍ റൂര്‍ക്കല സ്റ്റേഷന്‍വഴി  തിരിച്ചുവിട്ടെന്നാണ് റെയില്‍വേ മന്ത്രാലയം പറയുന്നത്. സംഭവത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെയും വന്നിട്ടില്ല. 

റൂര്‍ക്കലയില്‍നിന്ന് ട്രെയിന്‍ എപ്പോള്‍ ഗോരഖ്പൂരിലേയ്ക്ക് തിരിക്കും എന്ന് അറിയാത്തതിനാല്‍ ആകെ ആശങ്കയിലാണ് തൊഴിലാളികള്‍.