തിരിച്ചുവരാനൊരുങ്ങി വിമതര്‍, ചതിയന്മാരെ സ്വീകരിക്കില്ലെന്ന് തൃണമൂൽ!!

തിരിച്ചുവരവിനൊരുങ്ങി തൃണമൂല്‍ വിട്ട നേതാക്കള്‍...  വേണ്ട എന്ന തീരുമാനത്തില്‍ പാര്‍ട്ടി നേതൃത്വം.

Last Updated : Dec 5, 2019, 01:24 PM IST
  • ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ 3 എംഎൽഎമാരാണ് മടങ്ങിവരവിനൊരുങ്ങുന്നത്
  • തങ്ങളെ വഞ്ചിച്ച് പോയവരെ തിരിച്ചെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് തൃണമൂൽ കോൺഗ്രസ്
തിരിച്ചുവരാനൊരുങ്ങി വിമതര്‍, ചതിയന്മാരെ സ്വീകരിക്കില്ലെന്ന് തൃണമൂൽ!!

കൊല്‍ക്കത്ത: തിരിച്ചുവരവിനൊരുങ്ങി തൃണമൂല്‍ വിട്ട നേതാക്കള്‍...  വേണ്ട എന്ന തീരുമാനത്തില്‍ പാര്‍ട്ടി നേതൃത്വം.

ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത വിജയം നേടിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും അനവധി നേതാക്കള്‍ ബിജെപിയില്‍ ചേക്കേറിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂൽ കോണ്‍ഗ്രസ്‌ നേടിയ വിജയം ഇവരില്‍ മനംമാറ്റമുണ്ടാക്കി. ഒപ്പം, പാര്‍ട്ടിയിലേയ്ക്ക് തിരിച്ചുവരാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഇവർ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ 3 എംഎൽഎമാരാണ് മടങ്ങിവരവിനൊരുങ്ങുന്നത്. നോർത്ത് 24 പർഗാനസ് ജില്ലയിൽ നിന്നുള്ള 3 എംഎൽഎമാരാണ് ബിജെപിയിൽ ചേർന്ന് മാസങ്ങൾക്കകം തന്നെ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ബിജെപി നേതൃത്വവുമായി ചേർന്ന് പോകാൻ കഴിയാത്തതാണ് ഇവരെ മടങ്ങിവരവിന് പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. 

എന്നാൽ, തങ്ങളെ വഞ്ചിച്ച് പോയവരെ തിരിച്ചെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് തൃണമൂൽ കോൺഗ്രസ്.
പാർട്ടിയെ വഞ്ചിച്ച് പോയവരെ വിശ്വസിക്കാൻ കഴിയില്ലെന്നും ഇവരെ തിരിച്ചെടുക്കേണ്ടതില്ലെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 

'നേരത്തെ, കൂറുമാറിയ 3 എംഎൽഎമാർ പാർട്ടി നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്. ഹൈക്കമാൻഡ് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കും', മുതിർന്ന തൃണമൂൽ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, പാർട്ടി അവരെ ഒരിക്കലും തിരിച്ചെടുക്കാൻ പോകുന്നില്ലെന്ന്‍ മന്ത്രിയും പാർട്ടിയുടെ ജില്ലാ അദ്ധ്യക്ഷനുമായ ജ്യോതിപ്രിയോ മുല്ലിക് പറഞ്ഞു. 

'അവരിൽ ചിലർ പാര്‍ട്ടിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് കേട്ടിരുന്നു. ഞങ്ങളാരും അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ഞാനുമായി ബന്ധപ്പെടാൻ ധൈര്യപ്പെടരുതെന്ന നിർദേശമാണ് എനിക്ക് അവർക്ക് നൽകാനുള്ളത്. ഒരുകാര്യം ഞാൻ വ്യക്തമാക്കാം. ഞങ്ങളൊരിക്കലും ചതിയന്മാരെ തിരിച്ചെടുക്കില്ല. എന്നിരുന്നാലും അന്തിമ തീരുമാനം പാർട്ടി അദ്ധ്യക്ഷ മമത ബാനർജിയാണ് എടുക്കുക', ജ്യോതിപ്രിയോ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളില്‍ ബിജെപി അട്ടിമറി വിജയം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ആകെയുള്ള, 42 സീറ്റുകളിൽ 18 എണ്ണം ബിജെപി നേടിയപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് തൃണമൂൽ ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കൾ കൂറുമാറിയത്.

Trending News