പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ "പൂവാലനായി" കായികമന്ത്രി!!

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറി ത്രിപുരയിലെ യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി!!

Updated: Feb 12, 2019, 12:52 PM IST
പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ "പൂവാലനായി" കായികമന്ത്രി!!

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറി ത്രിപുരയിലെ യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി!!

സ്റ്റേജില്‍ നില്‍ക്കുന്ന അവസരത്തില്‍ മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിയ്ക്കുകയാണ്. 

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ വേദിയുടെ വലതുവശത്തായി നില്‍ക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെയും സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ വിവാദപെരുമാറ്റം. വനിതാമന്ത്രി മനോജ് കാന്തി ദേബിന്‍റെ കൈ തട്ടിമാറ്റുന്നതും വീഡിയോയില്‍ ദൃശ്യമാണ്. വേദിയില്‍ തിരക്ക് ഇല്ലാഞ്ഞിട്ടും വീണ്ടും വനിതാ മന്ത്രിയോട് ചേര്‍ന്ന് നില്‍ക്കാനും മനോജ് കാന്തി ദേബ് ശ്രമിക്കുന്നതായി കാണാം.

സംഭവം സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ തൃപുരയിലെ പ്രദേശിക ചാനലുകളാണ് പുറത്തുവിട്ടത്. 

അതേസമയം, എത്രയും വേഗം മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ രംഗത്ത് വന്നിട്ടുണ്ട്. പരസ്യമായി സഹപ്രവര്‍ത്തകയെ അപമാനിക്കുന്ന രീതിയിലാണ് മന്ത്രി പെരുമാറിയത്. വനിതാ മന്ത്രിയെ മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, വനിതാ മന്ത്രി സംഭവത്തില്‍ പരാതി നല്‍കിയില്ലെന്നും കായികമന്ത്രിയെ അധിക്ഷേപിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.