മഹാരാഷ്ട്ര സര്‍ക്കാരില്‍ ഭിന്നത;ഭീമാ കൊറേഗാവ് കേസിലും എന്‍പിആറിലും കോണ്‍ഗ്രസ്സും എന്‍സിപിയും ഉദ്ധവിനെതിരെ!

ഭീമാ കൊറേഗാവ്  കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎ ക്ക് അനുമതി നല്‍കിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സും എന്‍സിപിയും രംഗത്ത് വന്നു.പുണെ പോലീസ് അന്വേഷിക്കുന്ന കേസ് കേന്ദ്രത്തിന് കൈമാറുന്നത് ശരിയല്ലെന്ന് എന്‍ സി പി നേതാവ് ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Updated: Feb 15, 2020, 10:50 PM IST
മഹാരാഷ്ട്ര സര്‍ക്കാരില്‍ ഭിന്നത;ഭീമാ കൊറേഗാവ് കേസിലും എന്‍പിആറിലും കോണ്‍ഗ്രസ്സും എന്‍സിപിയും ഉദ്ധവിനെതിരെ!

മുംബൈ:ഭീമാ കൊറേഗാവ്  കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎ ക്ക് അനുമതി നല്‍കിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സും എന്‍സിപിയും രംഗത്ത് വന്നു.പുണെ പോലീസ് അന്വേഷിക്കുന്ന കേസ് കേന്ദ്രത്തിന് കൈമാറുന്നത് ശരിയല്ലെന്ന് എന്‍ സി പി നേതാവ് ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇത്തരം കാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.ശിവസേന നേതൃത്വം നല്‍കുന്ന മഹാ വികാസ് അഖാഡിയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഘടകകക്ഷികളാണ്. മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. 

2017 ഡിസംബര്‍ 31 ന് പുണെയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവര്‍ നടത്തിയ പ്രസംഗങ്ങളാണ് ഭീമാ കൊറേഗാവ് സംഘര്‍ഷത്തിന് വഴിതെളിച്ചതെന്നാണ് പോലീസിന്റെ ആരോപണം. മാവോവാദികളുടെ പിന്തുണയോടെയാണ് യോഗം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.അതിനിടെ മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നിര്‍ദേശം തള്ളിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഏറ്റവും വേഗത്തില്‍ എന്‍.പി.ആര്‍ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങുമെന്നും അദേഹം വ്യക്തമാക്കി. ജൂണ്‍ അവസാനത്തോടെ എന്‍.പി.ആര്‍ പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഈ മാസം തന്നെ ആരംഭിക്കും.

നേരത്തെ എന്‍.പി.ആറിനെതിരായിരുന്നു ശിവസേന. എന്നാല്‍, രാജ്താക്കറയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്‍പിആറിനെ അനുകൂലിച്ച് കൂറ്റന്‍ റാലി നടത്തിയതോടെയാണ് ശിവസേന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്.കൂടുതല്‍ കടുത്ത ഹിന്ദുത്വ നിലപാടും മറാത്താ അനുകൂല നടപടികളും സ്വീകരിക്കുന്നതിനാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന  തയ്യാറെടുക്കുന്നത്.അതുകൊണ്ട് തന്നെ കരുതലോടെ മുന്നോട്ട് പോകുന്നതിനാണ് ശിവസേനയും നീക്കം നടത്തുന്നത്.അതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ എന്‍പിആര്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കുന്നതിനുള്ള ശ്രമം ശിവസേന നടത്തുന്നത് .