രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; കുഴല്‍ക്കിണറില്‍ വീണ കുഞ്ഞ് മരിച്ചു

കുഴല്‍കിണറില്‍ നിന്നും കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്.   

Last Updated : Oct 29, 2019, 08:05 AM IST
രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; കുഴല്‍ക്കിണറില്‍ വീണ കുഞ്ഞ് മരിച്ചു

തിരുച്ചിറപള്ളി: ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തെ വിഫലമാക്കി കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരണമടഞ്ഞു.

 

 

കുഴല്‍കിണറില്‍ നിന്നും കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നുവെന്നാണ് സൂചന. 

മരണം സ്ഥിരീകരിച്ചതോടെ ഇന്ന് പുലര്‍ച്ചെ 4:25 ഓടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കുഴല്‍കിണറില്‍ നിന്ന് പുറത്തെടുത്തത്. അതിനുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. 

 

കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും പ്രതീക്ഷ കൈവിടാതെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും നിന്നു.

നാലാം ദിവസമായ ഇന്ന്‍ പുലര്‍ച്ചെ ഒരുമണിയോടെ കുഴല്‍ക്കിണറില്‍ നിന്നും അഴുകിയ നാറ്റം അടിച്ചതിനെ തുടര്‍ന്ന്‍ ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറില്‍ 90 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ചുവെന്ന് സ്ഥിരീകരിച്ചത്.

ശേഷം ക്യാമറ ഇറക്കി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍ അഴുകിയ നിലയിലാണെന്ന് വ്യക്തമാകുകയായിരുന്നു. പുലര്‍ച്ചയോടെ കുട്ടിയുടെ ശരീരഭാഗം പൂര്‍ണമായും പുറത്തേക്ക് എടുത്തു. അഴുകിത്തുടങ്ങിയ ശരീരം ഭാഗങ്ങളായാണ് പുറത്തെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണത്‌. വീടിന് സമീപം കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ സുജിത് വില്‍സണ്‍ കുഴല്‍ കിണറിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. ശുചീകരണത്തിനായി കുഴല്‍ കിണര്‍ തുറന്നുവച്ചിരിക്കുകയായിരുന്നു. 

തുടക്കത്തില്‍ 25 അടി താഴ്ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. തുടര്‍ന്ന് സമാന്തരമായി ഒരു കിണര്‍ നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. 

എന്നാല്‍ കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച ഉച്ചവരെ കുഞ്ഞ് പ്രതികരിക്കുന്നുണ്ടായിരുന്നു എന്നായിരുന്നു സൂചന ലഭിച്ചിരുന്നത്. 

Trending News