Union Budget 2020: സാമ്പത്തിക സർവേ ഇന്ന്

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച (ജനുവരി 31) ആരംഭിക്കുകയാണ്.

Last Updated : Jan 31, 2020, 08:20 AM IST
  • കേന്ദ്ര ബജറ്റിന് മുന്‍പായി 2019-20 സാമ്പത്തിക സർവേ (Economic Survey) ഇന്ന് സഭയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും.
  • ശനിയാഴ്ചയാണ് ബജറ്റ്.
Union Budget 2020: സാമ്പത്തിക സർവേ ഇന്ന്

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച (ജനുവരി 31) ആരംഭിക്കുകയാണ്.

കേന്ദ്ര ബജറ്റിന് മുന്‍പായി 2019-20 സാമ്പത്തിക സർവേ (Economic Survey) ഇന്ന് സഭയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. ശനിയാഴ്ചയാണ് ബജറ്റ്.

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് സഭയെ അഭിസംബോധന ചെയ്യും. പാർലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് രാഷ്‌ട്രപതിയുടെ പ്രസംഗം നടക്കുക. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും. സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം മാര്‍ച്ച് 2ന് ആരംഭിച്ച് ഏപ്രില്‍ 3 ന് അവസാനിക്കും.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റു കേന്ദ്ര മന്ത്രിമാര്‍, കോണ്‍ഗ്രസ്‌ നേതാക്കളായ ആനന്ദ് ശർമ, ഗുലാം നബി ആസാദ്, TMC യിലെ സുദീപ് ബന്ധ്യോപധ്യായ, കൂടാതെ മറ്റ് പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും സംബന്ധിച്ച് ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും സാമ്പത്തിക വിഷയങ്ങളിൽ ചർച്ച നടത്തണമെന്ന എംപിമാരുടെ ആവശ്യത്തോട് യോജിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ കേന്ദ്ര ബജറ്റിലൂടെ സമ്പദ് വ്യവസ്ഥയില്‍ ഏതൊക്കെ മേഖലകളിലാകും അഴിച്ചുപണികള്‍ ഉണ്ടാവുക, സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ബജറ്റ് പ്രഖ്യാപനം ഏത് വിധത്തിലാകും ധനമന്ത്രി അവതരിപ്പിക്കുകയെന്നതാണ് രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.  

2013ന് ശേഷമുള്ള ഏറ്റവും ചുരുങ്ങിയ ജിഡിപി വളര്‍ച്ചാ നിരക്കാണ് രാജ്യം കൈവരിച്ചത്. നോമിനല്‍ ജിഡിപി നിരക്ക് 42 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാകും രേഖപ്പെടുത്തുക. രാജ്യത്തെ വ്യവസായിക ഉത്പാദന മേഖലയും, കാര്‍ഷിക വ്യാപാര മേഖലയും ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്ന കേന്ദ്രസര്‍ക്കാറിന്‍റെ എല്ലാ വാദങ്ങള്‍ക്കും തിരിച്ചടിയാണിപ്പോഴുള്ളത്.  

2025ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ലക്ഷ്യം. ഇതിന് വഴിയൊരുക്കുന്ന  പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളാകും ധമന്ത്രി നിര്‍മ്മല സീതാരമാന്‍ നടത്തുകയെന്നാണ്സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

2019ന്‍റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.
   
രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക്  ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്.

അതേസമയം, ഫെബ്രുവരി 1ന് അവരിപ്പിക്കുന്ന ബജറ്റില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും, സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികളാകും പ്രധാനമായും സര്‍ക്കാര്‍ നടപ്പിലാക്കുക. റോഡ്,  റെയില്‍വെ, ഗ്രാമീണ മേഖലയുടെ വികസനം തുടങ്ങിയവ വ്യാപിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ കൂടുതല്‍ തുക നീക്കിവെച്ചേക്കുമെന്നാണ് സൂചന.

More Stories

Trending News