ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റ് ആവര്‍ത്തിച്ചുള്ളതും ലക്ഷ്യമില്ലാത്തതും പൊള്ളയുമാണെന്നായിരുന്നു രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. പൊതുബജറ്റില്‍ രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമായിരുന്നു ഇത്തവണത്തേത്. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ കാര്യമായ ഒന്നുമുണ്ടായില്ല. പൊളളയായ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്നം. യുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ സഹായിക്കുന്ന തന്ത്രപരമായ ഒരു ആശയവും ബജറ്റില്‍ താന്‍ കണ്ടില്ലെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിശദീകരണങ്ങള്‍ നല്ലതാണ്. എന്നാല്‍ പലതും ആവര്‍ത്തനങ്ങളും ലക്ഷ്യമില്ലാത്തതുമാണ്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദായനികുതി സമ്പ്രദായം കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും LICയുടെ ഓഹരി വില്‍ക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്നും രാഹുല്‍ വിമര്‍ശിച്ചു.