ഹൈദരാബാദ് പ്രതികള്‍ക്ക് ലഭിച്ച അതേ ശിക്ഷ ഉന്നാവോ പ്രതികള്‍ക്കും നല്‍കണം

താന്‍ മരിക്കാന്‍ തയ്യാറല്ലയെന്നും തന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് തനിക്ക് കാണണമെന്നും ഉന്നവോയില്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു.  

Ajitha Kumari | Updated: Dec 7, 2019, 01:03 PM IST
ഹൈദരാബാദ് പ്രതികള്‍ക്ക് ലഭിച്ച അതേ ശിക്ഷ ഉന്നാവോ പ്രതികള്‍ക്കും നല്‍കണം

ലഖ്നൗ: തന്‍റെ മകളെ തീകൊളുത്തിയ പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് ഉന്നവോയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്. 

ഹൈദരാബാദിലെ മൃഗഡോക്ടറെ പീഡിപ്പിച്ച ശേഷം കത്തിച്ചുകൊന്ന കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഇരയുടെ പിതാവ് ഉന്നയിച്ചത്.  

താന്‍ മരിക്കാന്‍ തയ്യാറല്ലയെന്നും തന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് തനിക്ക് കാണണമെന്നും ഉന്നവോയില്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രി കിടക്കയില്‍ വെച്ച് പറഞ്ഞിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും പറഞ്ഞു.

അവസാന നിമിഷം വരെയും ജീവിതത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷ അവള്‍ക്കുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.  മാത്രമല്ല ഞങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും എന്നാല്‍ ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും സഹോദരന്‍ പറഞ്ഞു.

തനിക്ക് ഇനി ഒരാവശ്യം മാത്രമേയുള്ളൂ അത് തന്‍റെ സഹോദരിയ്ക്ക് ഈ അവസ്ഥയുണ്ടാക്കിയ എല്ലാ പ്രതികളേയും തൂക്കിക്കൊല്ലണമെന്നുള്ളതാണെന്നും അതില്‍ കുറഞ്ഞതോന്നും താന്‍ ആഗ്രഹിക്കുന്നില്ലയെന്നും ഇരയുടെ സഹോദരന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയാണ് ഈ വ്യാഴാഴ്ച പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തിയത്. ബലാത്സംഗ കേസിന്‍റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

എയര്‍ ആംബുലന്‍സ് വഴി ഡല്‍ഹി സഫ്ദര്‍ജഗ് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി ഇന്നലെ അര്‍ധരാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.

11.10ന് പെണ്‍കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടാകുകയും 11:40 ഓടെ മരിക്കുകയുമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്‍കിയതായും സൂചനയുണ്ട്.

ശരീരത്തില്‍ തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയിലാണ് ഡല്‍ഹി സഫ്ദര്‍ജഗ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ഉന്നാവോയില്‍ വെച്ച് തന്നെ മുമ്പ് ബലാത്സംഗം ചെയ്ത രണ്ടുപേരുള്‍പ്പെട്ട അഞ്ച് പേരാണ് ആക്രമിച്ചതെന്നും. അവര്‍ തീകൊളുത്തുന്നതിന് മുന്‍പ് തന്നെ ക്രൂരമായിമര്‍ദിച്ചുവെന്നും മരണത്തിന് മുന്‍പ് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.