ഉന്നാവോ: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഒരുകൂട്ടം അക്രമികള്‍ ചേര്‍ന്ന്‍ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍.

Last Updated : Dec 5, 2019, 07:22 PM IST
  • ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഒരുകൂട്ടം അക്രമികള്‍ ചേര്‍ന്ന്‍ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്
  • സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ഉന്നാവോ: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഒരുകൂട്ടം അക്രമികള്‍ ചേര്‍ന്ന്‍ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബലാത്സംഗക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതുവരേയുള്ള എല്ലാ സംഭവങ്ങളുടെയും റിപ്പോര്‍ട്ട് വനിതാ കമ്മീഷന്‍ തേടിയിരിക്കുകയാണ്. കൂടാതെ, പെണ്‍കുട്ടിയുടെ സുരക്ഷാ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അവര്‍ അധികൃതരോട് ആവശ്യപ്പെട്ടു. 

ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ സംസ്ഥാന പോലീസ് മേധാവി ഒ.പി സിംഗിനോട് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്‌.

അതേസമയം, ആക്രമികളാല്‍ അതീവ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കാന്‍ തീരുമാനമായി. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നടത്തും. കൂടാതെ, പെണ്‍കുട്ടിയുടെ ചികിത്സയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്. 

പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.  

വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കാനാണ് തീരുമാനം. ഇതിനായി എയര്‍ ആംബുലന്‍സ് അടക്കമുള്ളവ യു.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന സിവില്‍ ഹോസ്പിറ്റലില്‍നിന്ന് വിമാനത്താവളത്തിലേക്ക് ആംബുലന്‍സ് അതിവേഗം എത്തിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തും.

വ്യാഴാഴ്ച രാവിലെയാണ് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. റായ്ബറേലിയേക്ക് പോകുകയായിരുന്ന യുവതിയെ സംഘം ആക്രമിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്തുവെച്ച് പെണ്‍കുട്ടിയുടെമേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
 
പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. 

കൂടാതെ, 80% പൊള്ളലേറ്റ പെണ്‍കുട്ടി ഒരു കിലോമീറ്റര്‍ നടന്നതിന്ശേഷമാണ് സഹായം ലഭിച്ചത് എന്നത് സംഭവം കൂടുതല്‍ ദാരുണമാക്കുന്നു. 

ഉത്തര്‍പ്രദേശിലെ ഉന്നാവോ എന്ന സ്ഥലം ഇപ്പോള്‍ കുപ്രസിദ്ധിയുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.  ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗര്‍ നടത്തിയ ബലാത്സംഗവും പിന്നീട് ഇരയായ യുവതിയുടെയും കുടുംബത്തിനും നേരെ തുടര്‍ച്ചയായി വധശ്രമവും നടന്ന ഉന്നാവില്‍ നിന്നുതന്നെയാണ് പുതിയ സംഭവവും. എന്നാല്‍, ഇപ്പോള്‍ നടന്നിരിക്കുന്നത് അതിലും ദാരുണമായ ഒന്നാണ് എന്നു മാത്രം. ലൈംഗീക അതിക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നിരിക്കുകയാണ്. 

കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവരും കൂട്ടാളികളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമണത്തിന് ഇരയാക്കിയത്. 

 

More Stories

Trending News