വിമതന്‍ ഓം പ്രകാശ് രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി യോഗി ആദിത്യനാഥ്!!

വിമതന്‍മാര്‍ക്ക് തന്‍റെ മന്ത്രിസഭയില്‍ സ്ഥാനമില്ലെന്ന് യോഗി ആദിത്യനാഥ്...

Last Updated : May 20, 2019, 12:25 PM IST
വിമതന്‍ ഓം പ്രകാശ് രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി യോഗി ആദിത്യനാഥ്!!

ലഖ്നൗ: വിമതന്‍മാര്‍ക്ക് തന്‍റെ മന്ത്രിസഭയില്‍ സ്ഥാനമില്ലെന്ന് യോഗി ആദിത്യനാഥ്...

ഉത്തര്‍ പ്രദേശ്‌ മന്ത്രിസഭയിലെ അംഗമായ ഓം പ്രകാശ് രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നതിനുള്ള കത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ക്ക് അയച്ചു. ഓം പ്രകാശ് രാജ്ഭറിനെ മാത്രമല്ല കാബിനെറ്റ്‌ റാങ്കിലുള്ള സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളെയും പുറത്താക്കാനാണ് മുഖ്യമന്ത്രിയുടെ കത്ത് ശുപാര്‍ശ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഓം പ്രകാശ് രാജ്ഭര്‍ നടത്തിയ ബിജെപി വിരുദ്ധ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിയെ ഇത്തരമൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. 

ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ബിജെപി തങ്ങള്‍ക്ക് വില കല്പിക്കുന്നില്ലെന്ന പരാതിയും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി പുകഞ്ഞിരുന്ന പ്രശ്നങ്ങളാണ് മുഖ്യമന്ത്രിയുടെ പുറത്താക്കല്‍ നടപടിയിലൂടെ പൂര്‍ത്തിയായത്. 

അതേസമയം, ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്ന് ഓം പ്രകാശ് രാജ്ഭര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. അഖിലേഷ് യാദവും മായാവതിയും ചേര്‍ന്നുള്ള എസ്പി-ബിഎസ്പി സഖ്യം യു.പിയില്‍ തരംഗമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, കിഴക്കന്‍ യുപിയിലെ പൂര്‍വാഞ്ചലില്‍ മഹാസഖ്യത്തിനാണ് ആധിപത്യമെന്നും രാജ്ബര്‍ വ്യക്തമാക്കിയിരുന്നു. ഇത് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭറിനെ പുറത്താക്കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ നടപടി.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപിയുമായുള്ള സഖ്യം സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ഉപേക്ഷിച്ചിരുന്നു. കൂടാതെ, രാജ്ഭര്‍ ഏപ്രില്‍ 13ന് മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു. രാജി സ്വീകരിക്കണോ വേണ്ടയോ എന്നത് ബിജെപിയുടെ തീരുമാനമെന്നും  സര്‍ക്കാരുമായി ഇനി ബന്ധമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

കിഴക്കന്‍ യുപിയില്‍ 39 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. 

പൂര്‍വാഞ്ചല്‍ മേഖലയില്‍ രാജ്ഭര്‍ വിഭാഗം 20 ശതമാനത്തോളം വരും. യാദവര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ള വിഭാഗവും ഇവരാണ്.

 

 

Trending News