അന്തരീക്ഷ മലിനീകരണം രൂക്ഷം; ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം

ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ന് പുറത്തിറങ്ങാനാകൂ.   

Last Updated : Nov 4, 2019, 02:59 PM IST
അന്തരീക്ഷ മലിനീകരണം രൂക്ഷം; ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതിനെ തുടര്‍ന്ന്‍ ഡല്‍ഹിയില്‍ ഇന്നുമുതല്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. 

ഒറ്റ-ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് നിരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക. ഈ മാസം 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ന് പുറത്തിറങ്ങാനാകൂ. ഒറ്റ അക്ക നമ്പറുകള്‍ക്ക് നാളെ നിരത്തുകളിലിറങ്ങാം. രാവിലെ എട്ടുമണിമുതലാണ് നിയന്ത്രണം ആരംഭിക്കുന്നത്.

നവംബര്‍ 10 ആയ ഞായറാഴ്ച നിയന്ത്രണം ഉണ്ടായിരിക്കില്ല. അന്തരീക്ഷ മലിനീകരണ തോത് വീണ്ടും ഉയര്‍ന്നാല്‍ ഈ മാസം 15 എന്നുള്ളത് നീക്കിയെന്നും വരാം. 

വിഐപികള്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും പുറമേ സ്ത്രീകളും ഭിന്നിശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും, 12 വയസ്സുവരെ പ്രായമുള്ള കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്കും ഇളവുണ്ട്. 

സിഎന്‍ജി വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണം മറികടന്നാല്‍ നാലായിരം രൂപയാണ് പിഴ. ഡല്‍ഹിയില്‍ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം മൂന്ന് വര്‍ഷത്തിനിടെ താഴ്ന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ആരോഗ്യ അടിയന്തരാവസ്ഥയും സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റോ മഴയോ ഉണ്ടായാല്‍ പുകമഞ്ഞ്‌ മാറുമെന്നാണ് റിപ്പോര്‍ട്ട്. അത് ചിലപ്പോള്‍ എട്ടിനോ ഒന്‍പതിനോ നടന്നേക്കുമെന്നാണ് സൂചന. 

Trending News