പ്രതിഷേധം നിര്‍ഭാഗ്യകരം; നിയമം ഒരു പൗരനെയും ബാധിക്കില്ല: മോദി

രാജ്യത്തുടനീളം ഉണ്ടാകുന്ന പ്രതിഷേധം നിര്‍ഭാഗ്യകരവും അത്യന്തം ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി.  

Last Updated : Dec 16, 2019, 03:55 PM IST
പ്രതിഷേധം നിര്‍ഭാഗ്യകരം; നിയമം ഒരു പൗരനെയും ബാധിക്കില്ല: മോദി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങളും അക്രമങ്ങളും രാജ്യത്ത് ശക്തമാകുന്ന ഈ സാഹചര്യത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി.

രാജ്യത്തുടനീളം ഉണ്ടാകുന്ന പ്രതിഷേധം നിര്‍ഭാഗ്യകരവും അത്യന്തം ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

നിക്ഷിപ്ത താല്‍പര്യക്കാര്‍ നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് അനുവദിച്ച് കൊടുക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സംവാദങ്ങളും ചർച്ചയും വിയോജിപ്പും ജനാധിപത്യത്തിന്‍റെ അനിവാര്യ ഭാഗങ്ങളാണെങ്കിലും പൊതു സ്വത്തിന് ഒരിക്കലും നാശനഷ്ടമുണ്ടാകില്ല മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യാന്‍ പാടില്ലയെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസ്സാക്കിയത് വലിയ പിന്തുണയോടെയാണ്. സാഹോദര്യം, സഹവര്‍ത്തിത്വം, സഹാനുഭൂതി തുടങ്ങി ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്ക്കാരത്തെയാണ് ഇത്തരമൊരു നിയമം വരച്ചുകാട്ടുന്നതെന്നും ഒരു മതത്തിലും ഉള്‍പ്പെട്ട ഇന്ത്യാക്കാരായ ഒരാളെയും ഈ നിയമം ബാധിക്കില്ലെന്ന് ഉറപ്പുനല്‍കുന്നെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ വികസനത്തിനും ഓരോ ഇന്ത്യക്കാരന്‍റെയും ശാക്തീകരണത്തിനും പ്രത്യേകിച്ച് ദരിദ്രർക്കും, താഴ്ന്നവർക്കും, പാർശ്വവത്കരിക്കപ്പെട്ടവർക്കുമായി നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

Trending News