എന്‍റെ മകനെ തിരിച്ച് തരൂ, ഞാന്‍ വോട്ട് ചെയ്യാം!!

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്‍റെ മകനെ തിരിച്ച് തരുന്ന പാര്‍ട്ടിയ്ക്ക് വോട്ട് നല്‍കുമെന്ന് ഫാത്തിമ നഫീസ്. 

Updated: Apr 17, 2019, 05:22 PM IST
 എന്‍റെ മകനെ തിരിച്ച് തരൂ, ഞാന്‍ വോട്ട് ചെയ്യാം!!

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്‍റെ മകനെ തിരിച്ച് തരുന്ന പാര്‍ട്ടിയ്ക്ക് വോട്ട് നല്‍കുമെന്ന് ഫാത്തിമ നഫീസ്. 

ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി)വിന്‍റെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ നജീബ് അഹമ്മദിന്‍റെ അമ്മയാണ് ഫാത്തിമ നഫീസ്. 

ആരും തന്നോട് സഹതാപം കാണിക്കേണ്ടെന്നും തന്‍റെ മകനെ തിരിച്ച് തരുന്ന പാര്‍ട്ടിയ്ക്ക് താന്‍ വോട്ട് ചെയ്യുമെന്നുമാണ് ഫാത്തിമ പറയുന്നത്. 

മകനെ തിരിച്ചുതരുമെന്ന് ഉറപ്പിച്ച്‌ പറയാനും അത് പാലിക്കാനും തയ്യാറുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കാകും ഫാത്തിമ വോട്ട് ചെയ്യുക.

വീട്ടില്‍ വോട്ട് ചോദിച്ച്‌ വരുന്ന പാര്‍ട്ടിക്കാരോടും ഫാത്തിമ പറയുന്ന ഒരേ ഒരു കാര്യവും ഇതാണ്. വെള്ളവും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊക്കെ തനിക്കും കുടുംബത്തിനും രണ്ടാമത്തെ കാര്യമാണെന്നും ഫാത്തിമ പറയുന്നു.‌

ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ പ്രവര്‍ത്തകരാണ് നജീബിന്‍റെ തിരോധാനത്തിന് പിന്നിലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഫാത്തിമ. 

നജീബിന്‍റെ തിരോധാനത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബര്‍ 15ന് ഡല്‍ഹി ഹൈക്കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു. 

എബിവിപിയുടെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരു൦ ജെഎന്‍യുവില്‍ ബയോ ടെക്നോളജി വിദ്യര്‍ത്ഥിയായിരുന്ന നജീബും 2016 ഒക്ടോബര്‍ 15ന് പരസ്പരം ഏറ്റുമുട്ടിയിരുന്നു. 

ഇതിനു ശേഷമാണ് ജെഎന്‍യുവിന്‍റെ മാഹി-മന്ദ്വി ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതാകുന്നത്. ഏപ്രില്‍ 23 നാണ് ഫാത്തിമക്ക് വോട്ടുള്ള ഉത്തര്‍പ്രദേശിലെ ബദോനില്‍ വോട്ടെടുപ്പ് നടക്കുന്നത്.