ഷണ്ടിംഗിനിടെ അശ്രദ്ധ; എന്‍ജിന്‍ ഇല്ലാതെ ട്രെയിന്‍ ഓടിയത് 15 കി.മീ

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും ഒഡിഷയിലെ പുരിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്

Updated: Apr 8, 2018, 02:03 PM IST
ഷണ്ടിംഗിനിടെ അശ്രദ്ധ; എന്‍ജിന്‍ ഇല്ലാതെ ട്രെയിന്‍ ഓടിയത് 15 കി.മീ

തിത്തിലാഗഡ് (ഒഡീഷ): എന്‍ജിന്‍ ഇല്ലാതെ യാത്രാ ട്രെയിന്‍ ഓടിയത് 15 കിലോമീറ്റര്‍. അഹമ്മദാബാദ്-പുരി എക്സ്പ്രസാണ് എന്‍ജിന്‍ പോലുമില്ലാതെ ട്രാക്കിലൂടെ ഓടിയത്. ഷണ്ടിംഗിനായി നിറുത്തിയിട്ടതിനിടയിലാണ് സംഭവം. 

തിത്തിലാഗഡ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഷണ്ടിംഗിനായി നിറുത്തിയിട്ടപ്പോഴാണ് അപകടം നടന്നത്. ഷണ്ടിംഗിന്‍റെ ചുമതലയുണ്ടായിരുന്ന ജിവനക്കാര്‍ സ്കിഡ് ബ്രെയ്ക്ക് ഇടാതിരുന്നതാകണം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വലിയൊരു അപകടത്തില്‍ നിന്നാണ് തലനാരിഴയ്ക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടത്. 

 

 

എന്‍ജിനില്ലാതെ വേഗതയില്‍ ഓടുന്ന ട്രെയിന്‍ കണ്ട് സ്റ്റേഷനിലുള്ളവരും പരിഭ്രാന്തരായി. പിന്നീട് ട്രാക്കില്‍ വലിയ മരത്തടികള്‍ ഇട്ട് ട്രെയിന്‍ നിറുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രെയിന്‍ സ്വയം നില്‍ക്കുകയായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് റയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായത്. 

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും ഒഡിഷയിലെ പുരിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ റയില്‍വേ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.