ശബരിമല യുവതി പ്രവേശനം: ബിന്ദുവിനും രഹനയ്ക്കും കനത്ത തിരിച്ചടി

ഈ വിഷയം ഗൗരവമുള്ളതാണെന്നും വിശാല ബെഞ്ച്‌ പരിഗണിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.  

Ajitha Kumari | Updated: Dec 13, 2019, 01:55 PM IST
ശബരിമല യുവതി പ്രവേശനം: ബിന്ദുവിനും രഹനയ്ക്കും കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ ഇപ്പോള്‍ ഒരിടപെടലും നടത്തുന്നില്ലെന്ന് സുപ്രീം കോടതി. പ്രശ്നത്തില്‍ ഇടപെട്ട് വിഷയം വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.

ഈ വിഷയം ഗൗരവമുള്ളതാണെന്നും വിശാല ബെഞ്ച്‌ പരിഗണിക്കട്ടെയെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.

ശബരിമലയില്‍ പോകാനുള്ള സുരക്ഷ ഉറപ്പാക്കണമെന്നും, അതിനായി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹന ഫാത്തിമയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.

വളരെ വൈകാരികമായ ഒരു അന്തരീക്ഷമാണ് ശബരിമലയില്‍ നിലനില്‍ക്കുന്നതെന്നും, ഒരു സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലയെന്നും. അതുകൊണ്ട് വിശാല ബെഞ്ച് പരിഗണിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഹര്‍ജിക്കാരോട് പറഞ്ഞത്.

ആത്യന്തികമായി നിങ്ങള്‍ക്ക് അനുകൂലമാകുന്ന ഒരു സ്ഥിതിയാണ് ഉണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഞങ്ങള്‍ സംരക്ഷണം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അക്രമത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജെയ്‌സിംഗ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കറിയാം നിയമം നിങ്ങള്‍ക്ക് അനുകൂലമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി. 

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്ക് സ്റ്റേയില്ലെന്ന ഇന്ദിരാ ജെയ്‌സിംഗിന്‍റെ വാദത്തെ അംഗീകരിക്കുന്നുവെന്നും എന്നിരുന്നാലും ക്ഷേത്ര പ്രവേശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന്‍ ഇപ്പോള്‍ ഉത്തരവിടാന്‍ ആകില്ലയെന്നും. ഏഴംഗ വിധി വരുന്നതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Also read: യുവതീപ്രവേശനം: ബിന്ദുവിന്‍റെയും രഹനയുടെയും ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും