'ചൗക്കിദാര്‍ നരേന്ദ്ര മോദി' എന്‍റെ മകനെവിടെ?

ഫാത്തിമയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ #WhereIsNajeeb ഹാഷ് ടാഗുമായെത്തിയിരിക്കുന്നത്. 

Last Updated : Mar 18, 2019, 10:03 AM IST
'ചൗക്കിദാര്‍ നരേന്ദ്ര മോദി' എന്‍റെ മകനെവിടെ?

'മേം ഭി ചൗക്കിദാര്‍' (ഞാനും കാവല്‍ക്കാരനാണ്) എന്ന പേരില്‍ ബിജെപി ആരംഭിച്ച ക്യാമ്പയിന്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.  

എന്നാല്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും കാവല്‍ക്കാരനായ മോദിയ്ക്ക് ചിലയിടങ്ങളില്‍ പിഴച്ചിട്ടുണ്ടെന്നും ഇതിനിടയില്‍ വിമര്‍ശനമുയര്‍ന്നു. 

ഇപ്പോഴിതാ, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്‍റെ മകനെവിടെയെന്ന് കാവല്‍ക്കാരനായ മോദിയോട് ചോദിക്കുകയാണ് ഫാത്തിമ നഫീസ് എന്ന അമ്മ തന്‍റെ ട്വിറ്റര്‍ പേജിലൂടെ.   

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫാത്തിമയുടെ മകന്‍ നജീബ് അഹമ്മദിനെ ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി)വിന്‍റെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. 

''നിങ്ങള്‍ ചൗക്കിദാറാണെങ്കില്‍ പറയൂ, എന്‍റെ മകന്‍ നജീബ് എവിടെ? എന്ത് കൊണ്ടാണ് എബിവിപി ഗുണ്ടകള്‍ ഇതുവരെ പിടിക്കപ്പെടാത്തത്? അന്വേഷണ ചുമതല വഹിച്ച മൂന്ന് മുഖ്യ ഏജന്‍സികള്‍ക്ക് എന്തുക്കൊണ്ടാണ് എന്‍റെ മകനെ കണ്ടെത്താന്‍ കഴിയാതിരുന്നത്?- ഫാത്തിമ തന്‍റെ ട്വിറ്ററിലൂടെ ചോദിച്ചു.

#WhereIsNajeeb എന്ന ഹാഷ് ടാഗിനൊപ്പമാണ് ഫാത്തിമ ട്വീറ്റ് പങ്ക് വെച്ചിരിക്കുന്നത്. ഫാത്തിമയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ #WhereIsNajeeb ഹാഷ് ടാഗുമായെത്തിയിരിക്കുന്നത്. 

ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ പ്രവര്‍ത്തകരാണ് നജീബിന്‍റെ തിരോധാനത്തിന് പിന്നിലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഫാത്തിമ. 

നജീബിന്‍റെ തിരോധാനത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബര്‍ 15ന് ഡല്‍ഹി ഹൈക്കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു. 

എബിവിപിയുടെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരു൦ ജെഎന്‍യുവില്‍ ബയോ ടെക്നോളജി വിദ്യര്‍ത്ഥിയായിരുന്ന നജീബും 2016 ഒക്ടോബര്‍ 15ന് പരസ്പരം ഏറ്റുമുട്ടിയിരുന്നു. 

ഇതിനു ശേഷമാണ് ജെഎന്‍യുവിന്‍റെ മാഹി-മന്ദ്വി ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതാകുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പ്രചാരണ തന്ത്രത്തിന്‍റെ ഭാഗമായി ബിജെപി ആരംഭിച്ച ക്യാമ്പയിനാണ് 'മേം ഭി ചൗക്കിദാര്‍'. 

ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും തങ്ങളുടെ ട്വിറ്ററില്‍ പേരുകള്‍ക്കൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ക്കുകയും ചെയ്തിരുന്നു. 

Trending News