Justice Yeswanth Varma: ഡൽഹി ജഡ്ജിയുടെ വീട്ടിൽ കെട്ടുകണക്കിന് പണം! ആരാണ് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മ

തീപ്പിടിത്തമുണ്ടായപ്പോൾ ആണ് ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ വലിയ അളവിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Mar 21, 2025, 03:35 PM IST
  • അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി എഎൻ വർമ്മയുടെ മകനാണ് യശ്വന്ത് വർമ്മ
  • 2012 മുതൽ 2013 ഓഗസ്റ്റ് വരെ ഉത്തർപ്രദേശിന്റെ ചീഫ് സ്റ്റാൻഡിംഗ് കൗൺസിലായിരുന്നു
  • 2016 മുതൽ ഹൈക്കോടതി സ്ഥിരം ജഡ്ജിയാണ്
Justice Yeswanth Varma:  ഡൽഹി ജഡ്ജിയുടെ വീട്ടിൽ  കെട്ടുകണക്കിന് പണം! ആരാണ് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മ

ദില്ലി:  ദില്ലി ഹൈക്കോടതിയിലെ ജഡ്ജി ആയ ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് കെട്ടുകണക്കിന് അനധികൃത പണം കണ്ടെത്തിയെന്ന വാർത്തയുടെ ഞെട്ടിലിലാണ് രാജ്യം. വീട്ടിൽ തീപ്പിടിത്തമുണ്ടായപ്പോൾ വീട്ടുകാരാണ് പോലീസിനേയും അഗ്നിശമന സേനയേയും വിവരം അറിയിച്ചത്. തീ അണക്കാനുള്ള ശ്രമത്തിനിടെയാണ് വീട്ടിൽ ഉണ്ടായിരുന്ന വലിയ അളവിലുള്ള അനധികൃതപണം ശ്രദ്ധയിൽ പെട്ടത്. ഈ സമയം ജസ്റ്റിസ് യശ്വന്ത് വർമ വീട്ടിൽ ഉണ്ടായിരുന്നില്ല.

എന്തായാലും ഈ വിഷയം വലിയ കോളിളക്കം സൃഷ്ടിച്ചുകഴിഞ്ഞു. ജസ്റ്റിസ് വർമയ്ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീം കോടതി ഫുൾ കോർട്ട് യോഗം തീരുമാനിക്കുകയും ചെയ്തു. ആരാണ് ഈ വിവാദ ജസ്റ്റിസ് യശ്വന്ത് ശർമ എന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്. പരിശോധിക്കാം...

1969 ജനുവരി 6 ന് അലഹബാദിലായിരുന്നു യശ്വന്ത് വർമ്മയുടെ ജനനം. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ആയിരുന്ന എഎൻ വർമ്മയാണ് യശ്വന്ത് വർമയുടെ പിതാവ്. ഡൽഹി സർവകലാശാലയിലെ ഹൻസ്രാജ് കോളേജിൽ നിന്ന് ബികോം (ഓണേഴ്‌സ്) പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മധ്യപ്രദേശിലെ രേവ സർവകലാശാലയിൽ നിന്ന് എൽഎൽബി നേടി. 1992 ഓഗസ്റ്റ് 8 ന് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തു.

2014 ഒക്ടോബർ 13 ന് അലഹബാദ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. പിന്നീട് 2016 ഫെബ്രുവരി 1 ന് സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. തുടർന്ന് 2021 ഒക്ടോബർ 11 ന് ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 

അലഹബാദ് ഹൈക്കോടതിയിലെ നിയമജീവിതത്തിനിടയിൽ, ഭരണഘടനാ നിയമം, തൊഴിൽ, വ്യാവസായിക നിയമങ്ങൾ, കോർപ്പറേറ്റ് നിയമങ്ങൾ, നികുതി, അനുബന്ധ മേഖലകൾ എന്നിവയിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ വൈദഗ്ദ്ധ്യം നേടി. 2006 മുതൽ അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക അഭിഭാഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

കൂടാതെ, കോടതി സീനിയർ അഭിഭാഷകനായി നിയമിക്കപ്പെടുന്നതിന് മുമ്പ്, ജസ്റ്റിസ് വർമ്മ 2012 മുതൽ 2013 ഓഗസ്റ്റ് വരെ ഉത്തർപ്രദേശിന്റെ ചീഫ് സ്റ്റാൻഡിംഗ് കൗൺസിലായും സ്ഥാനം വഹിച്ചു. മൂന്ന് വർഷത്തിലധികം ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കുന്പോൾ ആണ് ജസ്റ്റിസ് വർമ ഇത്തരം ഒരു ഊരാക്കുടുക്കിൽ പെടുന്നത്. എവിടെ നിന്ന്, എങ്ങനെയാണ് ഈ പണം ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത് എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ല.

എന്തായാലും ജസ്റ്റിസ് യശവന്ത് വർമ്മയെ അലഹബാദിലെ മാതൃ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചുകഴിഞ്ഞു. ഈ തീരുമാനവും ആഭ്യന്തര അന്വേഷണത്തിനുള്ള തീരുമാനവും ഫുൾ കോർട്ട് യോഗത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രഖ്യാപിച്ചു.  ആഭ്യന്തര അന്വേഷണത്തിന് ഒരു സുപ്രീം കോടതി ജഡ്ജി ആയിരിക്കും നേതൃത്വം നൽകുക. രണ്ട് ഹൈക്കോടതി ജഡ്ജിമാരും സംഘത്തിലുണ്ടാകും.  ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ജഡ്ജിയെ പുറത്താക്കാനുള്ള നീക്കങ്ങളുമായി പാർലമെന്റിന് മുന്നോട്ട് പോകാൻ സാധിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News