മെറ്റയുടെ ഇന്ത്യൻ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു
ബാങ്കിംഗ്, പേയ്‌മെന്റ്, ടെക്‌നോളജി എന്നിവയിൽ 22 വർഷത്തെ അന്താരാഷ്‌ട്ര തലത്തിലെ പരിചയം സന്ധ്യക്കുണ്ട്
ന്യൂഡൽഹി : മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സന്ധ്യ ദേവനാഥനെ നിയമിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പ്രധാന മേധാവികൾ കമ്പനി വിട്ടിരുന്നു. ഇതിൻറെ ഭാഗമായാണ് പുതിയ നിയമനം. 2023 ജനുവരി 1-ന് സന്ധ്യ തൻറെ പുതിയ ചുമതല ഏറ്റെടുക്കും.
ബാങ്കിംഗ്, പേയ്‌മെന്റ്, ടെക്‌നോളജി എന്നിവയിൽ 22 വർഷത്തെ കരിയറും അന്താരാഷ്‌ട്ര തലത്തിലുള്ള പരിചയവും സന്ധ്യക്കുണ്ട്. 2000-ൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കൽറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ സന്ധ്യ 2016-ലാണ് മെറ്റയിൽ (ഫേസ്ബുക്ക്) ചേർന്നത്.
കമ്പനിയുടെ സിംഗപ്പൂർ, വിയറ്റ്നാം ബിസിനസുകളും വിവിധ ടീമുകളും തെക്കുകിഴക്കൻ ഏഷ്യയിലെ ഇ-കൊമേഴ്‌സ് സംരംഭങ്ങളും കെട്ടിപ്പടുക്കാൻ വലിയ പങ്ക് വഹിച്ചയാളാണ് സന്ധ്യ.മെറ്റായിലെ വിമൻ@എപിഎസിയുടെ എക്‌സിക്യൂട്ടീവ് സ്‌പോൺസറും ഗെയിമിങ്ങ് വ്യവസായത്തിലെ മെറ്റയുടെ സംരംഭമായ പ്ലേ ഫോർവേഡിന്റെ ആഗോള തലത്തിലെ ലീഡിങ്ങ് പേഴ്സണാലിറ്റിയുമാണ് സന്ധ്യ. ഇന്ത്യയിൽ മെറ്റയുടെ വളർച്ചക്ക് സന്ധ്യക്ക് കൂടുതൽ സംഭാവനകൾ നൽകാൻ കഴിയട്ടെ എന്ന് പുതിയ പ്രഖ്യാപനത്തിൽ മെറ്റ ആശംസകൾ അറിയിച്ചു.
ഏറ്റവും മോശമായ ടെക് ലേ-ഓഫുകളിലൊന്നിലൂടെയാണ് രാജ്യം കടന്നു പോയത്. കഴിഞ്ഞയാഴ്ച 11,000-ത്തിലധികം ജീവനക്കാരെയാണ് ലോകത്താകമാനമുള്ള തങ്ങളുടെ ബിസിനസ് യൂണിറ്റുകളിൽ നിന്ന് മെറ്റ പിരിച്ച് വിട്ടത്. കമ്പനിയുടെ ഏകദേശം 13 ശതമാനം തൊഴിലാളികളാണ് ഇതിൽ വരുന്നത്.
കഴിഞ്ഞ ദിവസം വാടസാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ്, മെറ്റ പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാൾ എന്നിവർ രാജിവെച്ചിരുന്നു.ഇന്ത്യയിലെ മെറ്റയുടെ തലവൻ അജിത് മോഹനും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...