സ്വാമി ചിന്മയാനന്ദയെ രക്ഷിക്കാന്‍ ശ്രമ൦ നടക്കുന്നു?

ലൈംഗിക പീഡനം ആരോപിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ഉത്തര്‍ പ്രദേശ്‌ പൊലീസ് നടപടി കൈക്കൊള്ളാത്തതില്‍ രൂക്ഷ പ്രതികരണവുമായി പെണ്‍കുട്ടി രംഗത്ത്!!

Last Updated : Sep 18, 2019, 05:19 PM IST
സ്വാമി ചിന്മയാനന്ദയെ രക്ഷിക്കാന്‍ ശ്രമ൦ നടക്കുന്നു?

ന്യൂഡല്‍ഹി: ലൈംഗിക പീഡനം ആരോപിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ഉത്തര്‍ പ്രദേശ്‌ പൊലീസ് നടപടി കൈക്കൊള്ളാത്തതില്‍ രൂക്ഷ പ്രതികരണവുമായി പെണ്‍കുട്ടി രംഗത്ത്!!

ലൈംഗികാതിക്രമ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭ്യമായിട്ടും പൊലീസ് ഇതുവരെ നടപടികല്‍ സ്വീകരിക്കാത്തത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. തെളിവായി 43 വീഡിയോകളാണ് പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.

പെണ്‍കുട്ടി കൈമാറിയ തെളിവുകള്‍ എല്ലാം തെളിയിക്കുന്ന സാഹചര്യത്തിലും നടപടിയുണ്ടാവാത്തത്തില്‍ കടുത്തരീതിയിലാണ്‌ പെണ്‍കുട്ടി പ്രതികരിച്ചത്. 

നിങ്ങള്‍ കാത്തിരിക്കുന്നത് എന്‍റെ മരണമാണോ? തെളിവുകള്‍ ഹാജരാക്കിയിട്ടും എസ്.ഐ.ടി എന്തുകൊണ്ടാണ് ഇതുവരെയും ചിന്മയാനന്ദിനെ അറസ്റ്റുചെയ്യാത്തത്? സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരം എന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ല. 15 ദിവസമായി അന്വേഷണം നടന്നുവരുകയാണ്. എസ്.ഐ.ടി ചിന്മയാനന്ദിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. തങ്ങളുടെ മേല്‍ കുറ്റം ചുമത്താനും എസ്.ഐ.ടി ശ്രമിയ്ക്കുന്നു", പെണ്‍കുട്ടി പറഞ്ഞു. 

പരാതിയില്‍ നടപടി കൈക്കൊണ്ടില്ല എങ്കില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

കുറ്റവാളിക്കെതിരെ നടപടിയെടുക്കാതെ തന്‍റെ മരണത്തിനു വേണ്ടി കാത്തിരിയ്ക്കുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നും യുവതി പറഞ്ഞു.

‘ചിലപ്പോള്‍ കുറ്റവാളിയ്ക്ക് ശിക്ഷ നല്‍കാന്‍ എന്‍റെ മരണം കാത്തിരിയ്ക്കുകയാവാം സര്‍ക്കാര്‍. മരണശേഷമെങ്കിലും ഭരണകൂടം എന്നെ വിശ്വസിക്കുമോ? ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിനോട് പെണ്‍കുട്ടി  ചോദിക്കുന്നതിങ്ങനെയാണ്.

തിങ്കളാഴ്ച മുതലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ പ്രത്യേക അന്വേഷണ സംഘ൦ തെളിവെടുപ്പ് ആരംഭിച്ചത്. കൂടാതെ, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ യുവതി മൊഴി രേഖപ്പെടുത്തിയിരുന്നു. 20 പേജുള്ള മൊഴിയില്‍ തന്നെ ചിന്മയാനന്ദ് തട്ടിക്കൊണ്ടുപോയതായും ലൈംഗികമായി ആക്രമിച്ചതായും പറയുന്നു.

അതേസമയം, അറസ്റ്റ് ആസന്നമായപ്പോള്‍ ചികിത്സ തേടിയിരുന്നു സ്വാമി  ചിന്മയാനന്ദ്. സ്വാമി ഇപ്പോഴും 
ഷാജഹാന്‍പുരിലെ ജില്ലാ ആശുപത്രിയിലാണ്. വിശ്രമിക്കാനാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകനായ ഓം സിംഗ് അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ലോ കോളേജില്‍ പ്രവേശനം എടുക്കുന്നതിനായാണ് താന്‍ ചിന്മയാനന്ദിനെ കാണാന്‍ പോയതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം, പ്രവേശനം നല്‍കുന്നതിനൊപ്പം കോളേജ് ലൈബ്രറിയില്‍ 5000 രൂപ മാസശമ്പളത്തില്‍ ജോലി നല്‍കാമെന്നും ചിന്മയാനന്ദ വാഗ്ദാനം ചെയ്യുകയായിരുന്നു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടി ജോലി സ്വീകരിച്ചു. തുടര്‍ന്ന് ഹോസ്റ്റലിലേക്ക് മാറാന്‍ പറയുകയും പിന്നീട്  പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ചിന്മയാനന്ദ ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

അതേസമയം, സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘ൦ സ്വാമി ചിന്മയാനന്ദിന്‍റെ ആശ്രമത്തില്‍ തെളിവെടുപ്പ് നടത്തി. പരാതിക്കാരിയായ നിയമ വിദ്യാര്‍ഥിനിയുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയിലും സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

 

Trending News