ബിജെപിയ്ക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തില്‍ ചേരില്ല: നിലപാട് വ്യക്തമാക്കി കേജ്‌രിവാള്‍

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരായുള്ള പ്രതിപക്ഷ മുന്നണിയുടെ ഭാഗമാവില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.

Last Updated : Aug 10, 2018, 12:19 PM IST
ബിജെപിയ്ക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തില്‍ ചേരില്ല: നിലപാട് വ്യക്തമാക്കി കേജ്‌രിവാള്‍

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരായുള്ള പ്രതിപക്ഷ മുന്നണിയുടെ ഭാഗമാവില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.

ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രാപ്തമല്ലാത്തതിനാല്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. കൂടാതെ, പ്രതിപക്ഷ ഐക്യത്തിന്‍റെ ഭാഗമാകുന്ന പാര്‍ട്ടികളുടെ ലക്ഷ്യം രാജ്യത്തിന്‍റെ വികസനമല്ലെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ റോഹ്തക്കില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഡല്‍ഹി മുന്‍പ് ഭരിച്ചിരുന്ന പാര്‍ട്ടികള്‍ 70 വര്‍ഷം കൊണ്ട് നടപ്പാക്കാത്തവിധം വികസന പ്രവര്‍ത്തനങ്ങളാണ് ആം ആദ്മി സര്‍ക്കാര്‍ 3 വര്‍ഷം കൊണ്ട് നടപ്പിലാക്കിയത് എന്നും കേജ്‌രിവാള്‍ അവകാശപ്പെട്ടു.

 കൂടാതെ, ഹരിയാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി എല്ലാ സീറ്റുകളില്‍ നിന്നും മത്സരിക്കുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വികസനത്തിന്‍റെ കാര്യത്തില്‍ ഹരിയാന വളരെ പിന്നിലാണെന്നും പറഞ്ഞു.

പൂര്‍ണ സംസ്ഥാന പദവിയില്ലാതെ തന്നെ ഡല്‍ഹിയില്‍ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞു. എന്നാല്‍ വേണ്ടത്ര സജ്ജീകരണങ്ങള്‍ ഉണ്ടായിട്ടും ഹരിയാനയ്‌ക്ക് വേണ്ടി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഒന്നും ചെയ്‌തില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ജനങ്ങള്‍ക്ക് വേണ്ടി ആം ആദ്മി നടപ്പിലാക്കുന്ന ഓരോ വികസന പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. ഡല്‍ഹിയുടെ വികസനത്തിന് മോദി സര്‍ക്കാര്‍ തുരങ്കം വയ്‌ക്കുകയാണെന്നും കേജ്‌രിവാള്‍ ആരോപിച്ചു. 

 

 

Trending News