സഭയില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യും; നിലപാട് വ്യക്തമാക്കി എന്‍സിപി

സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

Ajitha Kumari | Updated: Nov 10, 2019, 09:48 AM IST
സഭയില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യും; നിലപാട് വ്യക്തമാക്കി എന്‍സിപി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ശ്രമിച്ചാല്‍ അവര്‍ക്കെതിരെ സഭയില്‍ വോട്ട് ചെയ്യുമെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് വ്യക്തമാക്കി. 

മാത്രമല്ല ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യം കണക്കിലെടുത്ത് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപിക്ക് ഭൂരിപക്ഷമുണ്ടോ ഇല്ലയോ എന്ന് ഗവര്‍ണര്‍ ഉറപ്പ് വരുത്തണമെന്നും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടം നടക്കുമെന്നും നവാബ് മാലിക് പറഞ്ഞു. 

ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ശിവസേന എതിര്‍ത്ത് വോട്ട് ചെയ്യുമോയെന്ന് നോക്കാമെന്നും നവാബ് മാലിക് പറഞ്ഞു.

ബദല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് ഞങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും നവംബര്‍ 12ന് എന്‍സിപിയുടെ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ആ യോഗത്തില്‍ ശരദ് പവാറും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി ഇന്നലെ രാത്രി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു. കാവല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെയായിരുന്നു ഗവര്‍ണര്‍ ക്ഷണിച്ചത്. 

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാതിരുന്നാല്‍ ബിജെപിയ്ക്ക് ശരിയ്ക്കും പണികിട്ടും. അവരോപ്പമില്ലെങ്കില്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ല. 

കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റാണ് പക്ഷെ ബിജെപിയ്ക്ക് 105 സീറ്റാണ് ഉള്ളത്. ശിവസേനയ്ക്ക് 56 സീറ്റും.