ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്നുവെങ്കിൽ CAAയെ പിന്തുണയ്ക്കുക: രാഷ്‌ട്രപതി

രണ്ടാം NDA സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് സമ്മേളനം ഇന്നാരംഭിക്കുകയാണ്.

Last Updated : Jan 31, 2020, 12:30 PM IST
  • സുശക്തമായ ഇന്ത്യയ്ക്കുള്ള അടിത്തറയാണ് തന്‍റെ സര്‍ക്കാര്‍ പാകിയിരിക്കുന്നത്‌ എന്നും ഈ ശതകം ഇന്ത്യയുടേതായിരിക്കുമെന്നും രാഷ്‌ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
  • പൗരത്വ ഭേദഗതി നിയമത്തെ പ്രശംസിച്ച രാഷ്‌ട്രപതി മഹാത്മ ഗാന്ധിയുടെ സ്വപ്‌നമാണ് തന്‍റെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്നുവെങ്കിൽ CAAയെ പിന്തുണയ്ക്കുക: രാഷ്‌ട്രപതി

ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് സമ്മേളനം ഇന്നാരംഭിക്കുകയാണ്.

കേന്ദ്ര ബജറ്റിന് മുന്‍പായി 2019-20 സാമ്പത്തിക സർവേ (Economic Survey) ഇന്ന് സഭയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. ശനിയാഴ്ചയാണ് ബജറ്റ്.

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പാർലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 മണിക്ക് ആരംഭിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിനായി പാർലമെന്‍റില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതിയെ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

സുശക്തമായ ഇന്ത്യയ്ക്കുള്ള അടിത്തറയാണ് തന്‍റെ സര്‍ക്കാര്‍ പാകിയിരിക്കുന്നത്‌ എന്നും ഈ ശതകം ഇന്ത്യയുടേതായിരിക്കുമെന്നും രാഷ്‌ട്രപതി  നയപ്രഖ്യാപന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തെ പ്രശംസിച്ച രാഷ്‌ട്രപതി മഹാത്മ ഗാന്ധിയുടെ സ്വപ്‌നമാണ് തന്‍റെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെയും അദ്ദേഹം വിമര്‍ശിച്ചു. സുതാര്യമായ സംവാദവും കാഴ്ചപ്പാടുകളും ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തു൦, എന്നാല്‍, പ്രതിഷേധത്തിന്‍റെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
കൂടാതെ, പാക്കിസ്ഥാനില്‍ നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങളേയും മത പരിപരിവര്‍ത്തനം പോലുള്ള സംഭവങ്ങളേയും അദ്ദേഹം പരാമര്‍ശിച്ചു.
പാക്കിസ്ഥാനിൽ ന്യൂനപക്ഷ പീഡനം വര്‍ദ്ധിച്ചതിന് നന്‍കാന സാഹിബില്‍ അടുത്തിടെ നടന്ന സംഭവം തെളിയിക്കുന്നുവെന്നും അദ്ദേഹം  പറഞ്ഞു.

നമ്മുടെ പാർലമെന്‍റിലെ ഓരോ അംഗത്തില്‍നിന്നും രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു. ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാനും അവർക്ക് ആവശ്യമായ നിയമങ്ങൾ ഉണ്ടാക്കാനും ദേശീയ താൽപ്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാനും നമ്മുടെ ഭരണഘടന അനുശാസിക്കുന്നു, അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാരിന്‍റെ നേട്ടങ്ങളെയും നടപടികളേയും രാഷ്ട്രപതി പ്രശംസിച്ചു,. തന്‍റെ സര്‍ക്കാര്‍ രാജ്യത്തെ  സ്ത്രീകൾ, പാവപ്പെട്ടവര്‍, പിന്നോക്ക വിഭാഗക്കാര്‍, ഗ്രാമീണ തൊഴിലാളികൾ എന്നിവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു,

NDA  സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ രാഷ്‌ട്രപതി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്ര നടപടിയെന്നാണ് വിശേഷിപ്പിച്ചത്‌. ഇതുവഴി വികസനത്തിന്‍റെ പാതയാണ് തന്‍റെ സര്‍ക്കാര്‍ തുറന്നിട്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കശ്മീര്‍ വികസനത്തിന്‍റെ പാതയിലാണെന്നും പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 3,500 ഓളം വീടുകള്‍ നിര്‍മ്മിച്ചതായും, 24,000 ല്‍ അധികം വീടുകള്‍ അടുത്ത 2 വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
 
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ സമ്പത്തിക സര്‍വേ അവതരിപ്പിക്കുക.  ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും. സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം മാര്‍ച്ച് 2ന് ആരംഭിച്ച് ഏപ്രില്‍ 3 ന് അവസാനിക്കും.

അതേസമയം, ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റു കേന്ദ്ര മന്ത്രിമാര്‍, കോണ്‍ഗ്രസ്‌ നേതാക്കളായ ആനന്ദ് ശർമ, ഗുലാം നബി ആസാദ്, TMC യിലെ സുദീപ് ബന്ധ്യോപധ്യായ, കൂടാതെ മറ്റ് പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും സംബന്ധിച്ച് ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും സാമ്പത്തിക വിഷയങ്ങളിൽ ചർച്ച നടത്തണമെന്ന എംപിമാരുടെ ആവശ്യത്തോട് യോജിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

More Stories

Trending News