വര്‍ഗീയ പരാമര്‍ശം: ജാമ്യം വേണോ? ഖുര്‍ആന്‍ വിതരണം ചെയ്യണമെന്ന് കോടതി

ന്യൂനപക്ഷ സമുദായത്തിനു നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. ആക്രമിക്കപ്പെടുന്ന  ന്യൂനപക്ഷ സമുദായത്തിന് നിയമ പിന്തുണയും സഹായവും ലഭിക്കുന്ന സാഹചര്യവും വളരെ കുറവാണ്.

Updated: Jul 17, 2019, 05:40 PM IST
വര്‍ഗീയ പരാമര്‍ശം: ജാമ്യം വേണോ? ഖുര്‍ആന്‍ വിതരണം ചെയ്യണമെന്ന് കോടതി

റാഞ്ചി: ന്യൂനപക്ഷ സമുദായത്തിനു നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. ആക്രമിക്കപ്പെടുന്ന  ന്യൂനപക്ഷ സമുദായത്തിന് നിയമ പിന്തുണയും സഹായവും ലഭിക്കുന്ന സാഹചര്യവും വളരെ കുറവാണ്.

ആ സാഹചര്യത്തില്‍ റാഞ്ചിയിലെ ഒരു കോടതി വര്‍ഗീയ പരാമര്‍ശം നടത്തിയ യുവതിയ്ക്ക് നല്‍കിയ ശിക്ഷ പ്രശംസനീയമാണ്. 

സാമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ യുവതിക്ക് ഖുര്‍ആനിന്‍റെ അഞ്ച് പകര്‍പ്പുകള്‍ നഗരത്തിലെ പ്രത്യേക സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കണമെന്ന വ്യവസ്ഥയിലാണ് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചത്. റാഞ്ചിയില്‍ നിന്നുള്ള 19കാരിയായ റിച്ചാ ഭാരതിയാണ് ഖുര്‍ആന്‍ സംഭാവന ചെയ്യേണ്ടത്. 

ഖുര്‍ആനിന്‍റെ ഒരു പകര്‍പ്പ് പൊലീസ് അധികാരികളുടെ സാന്നിധ്യത്തില്‍ പ്രാദേശിക അന്‍ജുമന്‍ കമ്മിറ്റിക്കും നാല് പകര്‍പ്പുകള്‍ നഗരത്തിലെ വിവിധ ലൈബ്രറികള്‍ക്കും നല്‍കാനാണ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് മനീഷ് കുമാര്‍ നിര്‍ദേശിച്ചത്. 
രണ്ടാഴ്ചക്കുള്ളില്‍ സംഭാവന നല്‍കിയതിന്‍റെ രസീത് ഹാജരാക്കുവാനും മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്തതായി അന്‍ജുമന്‍ കമ്മിറ്റി അംഗം എം.ഡി ജമില്‍ ഖാന്‍ പറഞ്ഞു. 

ഫേസ്ബുക്കില്‍ ആക്ഷേപകരമായ പോസ്റ്റിട്ടത് മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് പറഞ്ഞ് അന്‍ജുമന്‍ കമ്മിറ്റി പിത്തോറ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെതിനെ തുടര്‍ന്നാണ് ജൂലൈ 12ന് പ്രാദേശിക കോളജിലെ ബി.കോം വിദ്യാര്‍ഥിനിയായ റിച്ചാ ഭാരതിയെ അറസ്റ്റ് ചെയ്തത്. 

എന്നാല്‍, ഈ സംഭവത്തില്‍ കടുത്ത പ്രതിക്ഷേധവുമായി സാധ്വി പ്രാച്ചി രംഗത്തെത്തിയിരിയ്ക്കുകയാണ്. ഇത് ശിക്ഷയല്ല ഫത്‌വ പുറത്തിറക്കിയതായി തോന്നുന്നുവെന്നാണ് സാധ്വി പ്രാച്ചി അഭിപ്രായപ്പെട്ടത്. കൂടാതെ വിധി പ്രസ്താവിച്ചിരിക്കുന്നത് ഹിന്ദുസ്ഥാനില്‍ അല്ല, സിറിയയില്‍ ആണെന്ന് തോന്നുന്നുവെന്നും, അഥവാ സമാധാനം കൈവരിക്കാനുള്ള നീക്കമായിരുന്നുവെങ്കില്‍ "വേദങ്ങൾ" വിതരണം ചെയ്യിക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.