ഝാൻസി: ഉത്തരവാദിത്തം എന്ന് പറഞ്ഞാല്‍ അത് ഇത് തന്നെയാണെന്ന് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും സംശയമില്ല. ഏതൊരു പണി ആയാലും അത് വേണം പ്രത്യേകിച്ചും പോലീസുകാരി ആയാല്‍.
സാധാരണ ഗവണ്മെന്റ് ജോലിക്കാര്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എപ്പോള്‍ അവധിഎടുക്കണം എന്ന ചിന്തയായിരിക്കും. എന്നാല്‍ അതൊക്കെ തിരുത്തിയിരിക്കുകയാണ് ഇവിടെ.
ആറുമാസം പ്രായമുള്ള മകള്‍ അനികയെ തന്റെ മേശപ്പുറത്ത് ഉറക്കി കിടത്തിയതിന് ശേഷം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിയെക്കുറിച്ചുള്ള വാര്‍ത്ത മധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവ ചിത്രം ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ ഝാന്‍സിയിലെ പൊലീസ് കോണ്‍സ്റ്റബിളായ അര്‍ച്ചന ജയന്ത് സോഷ്യല്‍ മീഡിയയിലെ താരമായി.
Meet ‘MotherCop’ Archana posted at kotwali jhansi for whom the duties of motherhood & the department go side by side !
She deserves a Salute !! pic.twitter.com/oWioMNAJub— RAHUL SRIVASTAV (@upcoprahul) October 27, 2018
ഇന്നലെയാണ് അര്ച്ചനയെക്കുറിച്ചുള്ള വാര്‍ത്ത പ്രാദേശിക മാധ്യമങ്ങളില്‍ വന്നത്. ഝാന്‍സിയിലെ കോട്ടവാലി പൊലീസ് സ്റ്റേഷനിലാണ് അര്‍ച്ചന ജോലി ചെയ്യുന്നത്. കുട്ടിയുമായി ജോലിക്കെത്തിയ അര്‍ച്ചനയ്ക്ക് പൊലീസ് വകുപ്പ് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അവധി എടുക്കുവാന്‍ ആളുകള്‍ കാരണങ്ങള്‍ തിരയുമ്പോള്‍ കാരണമുണ്ടായിട്ട് കൂടിയും ഡ്യൂട്ടിക്കെത്തിയ അര്‍ച്ചന മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം.
ചിത്രം വൈറലായതോടെ ഈ സൂപ്പര്‍ മോമിന് തൊഴിലിടത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധിപ്പേര്‍ ആവശ്യപ്പെടുന്നത്. അനികയെ കൂടാതെ പത്തു വയസുള്ള ഒരു കുട്ടി കൂടിയുണ്ട് അര്‍ച്ചനയ്ക്ക്. 2016 ലാണ് അര്‍ച്ചന ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം പൊലീസില്‍ ചേരുന്നത്.