ബലാത്സംഗികള്‍ക്ക് ജന്മം കൊടുക്കുന്നത് ഇന്ദിര ജയ്സിംഗിനെപ്പോലുള്ളവര്‍...! കങ്കണ

നിര്‍ഭയയുടെ അമ്മ സോണിയയെ മാതൃകയാക്കണമെന്നും ബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നുള്ള മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ്താരം കങ്കണ റണൗത്. 

Sheeba George | Updated: Jan 23, 2020, 06:38 PM IST
ബലാത്സംഗികള്‍ക്ക് ജന്മം കൊടുക്കുന്നത് ഇന്ദിര ജയ്സിംഗിനെപ്പോലുള്ളവര്‍...! കങ്കണ

ന്യൂഡല്‍ഹി: നിര്‍ഭയയുടെ അമ്മ സോണിയയെ മാതൃകയാക്കണമെന്നും ബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നുള്ള മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ്താരം കങ്കണ റണൗത്. 

ബലാത്സംഗം ചെയ്യുന്നവരോട് സഹതാപം കാണിക്കുന്ന ഇന്ദിര ജയ്സിംഗിനെപ്പോലുള്ള സ്ത്രീകളാണ് ഇത്തരം രക്ഷസന്മാരെ വളര്‍ത്തുന്നതെന്ന് കങ്കണ പറഞ്ഞു. കൂടാതെ, അവരെ 4 ദിവസം നിര്‍ഭയകേസ് പ്രതികളോടൊപ്പം ജയിലില്‍ ഇടണമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

'ആ സ്ത്രീയെ 4 ദിവസത്തേക്ക് ആ ബലാത്സംഗികളോടൊപ്പം ജയിലില്‍ അടയ്ക്കണം. അവര്‍ അത് അര്‍ഹിക്കുന്നു. ബലാത്സംഗികളോട് സഹതാപം കാണിക്കുന്ന ഇവര്‍ ഏതുതരം സ്ത്രീയാണ്? ഇത്തരം സ്ത്രീകളാണ് രാക്ഷസന്മാര്‍ക്ക് ജന്മം നല്‍കുന്നത്. ബലാത്സംഗികളോടും കൊലപാതകികളോടും സ്‌നേഹവും സഹതാപവും കാണിക്കുന്ന ഈ സ്ത്രീകളാണ് അവര്‍ക്ക് ജന്മം നല്‍കുന്നത്', കങ്കണ പറഞ്ഞു. 

ഭാവിയില്‍ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ ഈ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നും കങ്കണ അഭിപ്രായപ്പെട്ടു.

രാജിവ് ഗാന്ധി വധക്കേസില്‍ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നാണ് ഇന്ദിരാ ജയ്സിംഗ് നിര്‍ഭയയുടെ അമ്മ ആശാ ദേവിയോട് പറഞ്ഞത്. 'നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്' എന്നാണ് അവര്‍ ട്വീറ്ററില്‍ കുറിച്ചത്.

അതേസമയം, ഇന്ദിരാ ജയ്സിംഗിന്‍റെ ട്വീറ്റ് പുറത്തു വന്നതോടെ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവിയും രംഗത്തെത്തിയിരുന്നു. അത്തരമൊരു നിര്‍ദേശം എന്‍റെ മുന്നില്‍ വെക്കാന്‍ ഇന്ദിരാ ജെയ്സി൦ഗ് ആരാണെന്നായിരുന്നു അവരുടെ ചോദ്യം.