close

News WrapGet Handpicked Stories from our editors directly to your mailbox

സോന്‍ഭദ്ര വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്ക് പിന്നാലെ സോൻഭദ്ര വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Updated: Jul 21, 2019, 04:32 PM IST
സോന്‍ഭദ്ര വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്

ലഖ്‍നൗ: കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്ക് പിന്നാലെ സോൻഭദ്ര വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഉത്തര്‍ പ്രദേശില്‍ നടന്ന വെടിവെപ്പ് സംഭവത്തില്‍ കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോന്‍ഭദ്ര‌യില്‍ നടന്ന സംഭവങ്ങള്‍ കോണ്‍ഗ്രസ് ചെയ്തുകൂട്ടിയ പാപങ്ങള്‍ മൂലമാണെന്നും, അതിന്‍റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട യോഗി വെടിവെപ്പിനെ "നിർഭാഗ്യകരമായ സംഭവം" എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പ്രതിപക്ഷത്തിന്‍റെ "ദളിത്‌ വിരുദ്ധ, ആദിവാസി വിരുദ്ധ മുഖം" തുറന്നുകാട്ടുന്നതാണ് സോൻഭദ്ര സംഭവമെന്നും, വളരെ വലിയ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

വെടിവെപ്പില്‍ മരിച്ച 10 പേരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് യോഗി ഇക്കാര്യം പറഞ്ഞത്. കൂടാതെ, സംഭവത്തില്‍ പരിക്കേറ്റവരുടെ ചികിത്സാചെലവ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വഹിക്കുമെന്നും യോഗി ഉറപ്പ് നല്‍കി. 

കൂടാതെ, പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കി. പ്രത്യേകിച്ച്, ഗ്രാമമുഖ്യന്‍ യഗ്യ ദത്ത്. ഇയാള്‍ സമാജ്‌വാദി പാർട്ടിയിലെ സജീവ അംഗമാണെന്നും പറയപ്പെടുന്നു.

അതേസമയം, ഇരകളായ തങ്ങളെ, ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ആരും സന്ദര്‍ശിക്കാത്തതിനാല്‍ ഏറെ അമര്‍ഷത്തിലായിരുന്നു സോന്‍ഭദ്ര‌യിലെ ജനങ്ങള്‍. ഇതുവരെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാത്രമാണ് ഇവരെ സന്ദര്‍ശിച്ചത്. സോന്‍ഭദ്ര‌ സന്ദര്‍ശിക്കാന്‍ യാത്ര തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ലഖ്നൗ വിമാനത്താവളത്തില്‍നിന്നും മടങ്ങേണ്ടി വന്നിരുന്നു. 

എന്നാല്‍, യാത്രാമധ്യേ പ്രിയങ്കയുടെ വഴി തടയുകയും അവരെ, മിര്‍സാപൂരിലെ ഒരു ഗസ്റ്റ് ഹൗസില്‍ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകിട്ടോടെ വെടിവെപ്പില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ ഈ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചു. 70 കിലോമീറ്റര്‍ നടന്നാണ് ഇവര്‍ പ്രിയങ്കയുടെ അടുത്ത് എത്തിയതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

സോൻഭദ്ര കൂട്ടക്കൊലയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ പ്രിയങ്ക, യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ദുരവസ്ഥക്കെതിരെ മുഖ്യമന്ത്രി മുഖം തിരിച്ചുനിൽക്കുകയാണെന്ന ആരോപണം പ്രിയങ്ക ഉന്നയിച്ചിരുന്നു. 

ഭൂമി തര്‍ക്കത്തിന്‍റെ പേരിലാണ് ഇക്കഴിഞ്ഞ ബുധനാഴ്ച, സോന്‍ഭദ്ര‌യില്‍ വെടിവെപ്പ് നടന്നത്. 

സോന്‍ഭദ്ര‌യിലെ ഉയര്‍ന്ന സമുദായത്തില്‍പ്പെട്ട ഗ്രാമമുഖ്യന്‍ യഗ്യ ദത്തിന്‍റെ അനുയായികളും ഗോണ്ട് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഏതാനും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്. സ്ഥലത്തെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗ്രാമമുഖ്യന്‍റെ അനുയായികള്‍ ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.