ധീര ജവാന്‍മാര്‍ക്ക് വേണ്ടി 2 മിനിറ്റ് മൗനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് Zee Media

ഈ മാസം 14ന് പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ അതീവ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്‍റെ ഞടുക്കത്തില്‍ നിന്നും ഭാരതജനത ഇതുവരെ മുക്തരായിട്ടില്ല...

Last Updated : Feb 19, 2019, 12:53 PM IST
ധീര ജവാന്‍മാര്‍ക്ക് വേണ്ടി 2 മിനിറ്റ് മൗനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് Zee Media

ന്യൂഡല്‍ഹി: ഈ മാസം 14ന് പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ അതീവ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്‍റെ ഞടുക്കത്തില്‍ നിന്നും ഭാരതജനത ഇതുവരെ മുക്തരായിട്ടില്ല...

 സംഭവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമെന്നു മാത്രമല്ല ലോകത്തിന്‍റെ കോണില്‍ എവിടെയെല്ലാം ഭാരതീയര്‍ ഉണ്ടോ അവിടെയെല്ലാം പ്രതിഷേധം അലയടിക്കുകയാണ്‌. എങ്ങും ഭീകരവാദത്തിനെതിരെ പ്രതികരിക്കാനുള്ള ആഹ്വാനം മാത്രം. പകരം ചോദിക്കണമെന്ന ആവശ്യവും ഏറെ...

ഭാരതത്തിനുവേണ്ടി ജീവന്‍ ബലി നല്‍കിയ വീരപുത്രന്മാരോടുള്ള ആദര സൂചകമായും, രക്തസാക്ഷികളുടെ കുടുംബാംഗങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായി രാജ്യത്തെമ്പാടും ഫെബ്രുവരി 19ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് 2 മിനിറ്റ് നിശ്ശബ്ദത പാലിക്കും. രാജ്യത്തോടൊപ്പം ചേര്‍ന്ന് ഭാരതത്തിന്‍റെ വീരപുത്രന്‍മാര്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ Zee Media ഏവരെയും ആഹ്വാനം ചെയ്യുന്നു... 

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായത്. 1980 ശേഷം ഇത്രവലിയൊരു ആള്‍നാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്. 

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.25നാണ്, ജമ്മു-കശ്മീരിന്‍റെ ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്‌ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ സ്‌കോര്‍പ്പിയോ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത്. പുല്‍വാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തില്‍ 78 ബസുകളുണ്ടായിരുന്നു. 2500ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. 

ഉഗ്രസ്‌ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സ്‌ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുകശ്മീരില്‍നിന്ന് പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് മൂന്നേകാലിന് അവന്തിപ്പോറയില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ശ്രീനഗറിലെത്താന്‍ വെറും 30 കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നത്. 

 

Trending News